
തൃക്കാക്കരയിൽ 8 കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ. തൃക്കാക്കര എയർ ഫോഴ്സ് റോഡിലാണ് മുർഷിദാബാദ് സ്വദേശി ജുറാഷ് ഷെയ്ഖിനെ കൊച്ചി സിറ്റി പൊലീസ് പിടികൂടിയത്. 8.9 കിലോ കഞ്ചാവുമായാണ് പ്രതിയെ പിടികൂടിയത്. വെസ്റ്റ് ബംഗാളിൽ നിന്നും ട്രെയിൻ മാർഗം കഞ്ചാവ് കൊണ്ടുവന്ന്, മൊത്ത കച്ചവടക്കാർക്ക് കിലോഗ്രാം കണക്കിന് കച്ചവടം ചെയ്യുന്നതായിരുന്നു ഇയാളുടെ രീതി. അന്തർ സംസ്ഥാന കഞ്ചാവ് കടത്തിന്റെ മുഖ്യ കണ്ണിയാണ് പിടിയിലായത്.
മറ്റൊരു സംഭവത്തിൽ, ഒഡീഷയിൽ നിന്ന് കഞ്ചാവ് കടത്തിക്കൊണ്ടുവന്ന തിരുവനന്തപുരം സ്വദേശി പിടിയിലായി. എഴുപത്തിയൊന്നുകാരനായ നാവായിക്കുളം സ്വദേശി വിജയമോഹനനാണ് എക്സൈസിന്റെ പിടിയിലായത്. വർക്കലയിലും കല്ലമ്പലത്തും നിരവധി അബ്കാരി കേസുകളിൽ സ്ഥിരം കുറ്റവാളിയാണ് സ്ട്രോങ് ബാബു എന്ന് വിളിക്കുന്ന വിജയമോഹനൻ. ഇയാൾ ഒഡീഷയിലേക്ക് പോയ വിവരമറിഞ്ഞതിനെ തുടർന്ന് എക്സൈസ് നിരീക്ഷിച്ചു വരികയായിരുന്നു. പ്രതി തിരികെയെത്തിയത് സൈബർ സെല്ലിന്റെ സഹായത്തോടെ അറിഞ്ഞ എക്സൈസ് ഇയാളെ കല്ലമ്പലത്ത് വെച്ച് പിടികൂടി. വിജയമോഹനനെ ചോദ്യം ചെയ്ത് കൂടുതൽ പ്രതികളിലേക്കെത്തുമെന്നും, കർശന നടപടി സ്വീകരിക്കുമെന്നും എക്സൈസ് വ്യക്തമാക്കി.
കോട്ടയം വെച്ചൂരിൽ വീട്ടുമുറ്റത്ത് കഞ്ചാവ് ചെടികൾ നട്ടുവളർത്തിയ യുവാവ് പിടിയിൽ. വെച്ചൂർ സ്വദേശി ബിപിനെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. മൂന്ന് അടിയോളം നീളമുള്ള നാല് കഞ്ചാവ് ചെടികൾ എക്സൈസ് കണ്ടെത്തി. യുവാവ് വെള്ളവും വളവും നൽകി ചെടികൾ പരിപാലിച്ചു വരികയായിരുന്നു. വീട്ടുമുറ്റത്ത് വേലികെട്ടി തിരിച്ചായിരുന്നു കഞ്ചാവ് കൃഷി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.