
പ്രമുഖ റാപ്പർ വേടൻ്റെ ഫ്ലാറ്റിൽ നിന്നും കഞ്ചാവ് കണ്ടെത്തി. 7 ഗ്രാം കഞ്ചാവാണ് കണ്ടെത്തിയത്. തൃപ്പൂണിത്തുറ പൊലീസാണ് പരിശോധന നടത്തിയത്. വേടൻ വാടകയ്‌ക്കെടുത്ത ഫ്ലാറ്റിൽ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. വേടനടക്കം ഒൻപത് പേരാണ് ഫ്ലാറ്റിൽ ഉണ്ടായിരുന്നത്. വേടന്‍റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തിയേക്കുമെന്നാണ് സൂചന. ലഹരി ഉപയോഗിച്ചിരുന്നോ എന്നറിയാന്‍ വൈദ്യപരിശോധനയും നടത്തും.
ഫ്‌ളാറ്റില്‍ നിന്നും കഞ്ചാവ് കണ്ടെത്തിയതിനു പിന്നാലെ, സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷ പരിപാടിയില്‍ നിന്ന് വേടനെ ഒഴിവാക്കി. ആഘോഷ പരിപാടിയില്‍ വേടന്റെ റാപ്പ് ഷോ നേരത്തേ തീരുമാനിച്ചിരുന്നു. ഈ പരിപാടി ഒഴിവാക്കിയതായി മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു.
അതേസമയം, വേടന്‍ കഞ്ചാവും മദ്യവും ഉപയോഗിക്കില്ലെന്ന് ഫ്‌ളാറ്റിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ന്യൂസ് മലയാളത്തോട് പറഞ്ഞു. മാന്യമായി പെരുമാറുന്ന ചെറുപ്പക്കാരനാണ് വേടന്‍ എന്നും സെക്യൂരിറ്റി ജീവനക്കാരന്‍ പറഞ്ഞു. ദേഹപരിശോധനയില്‍ വേടന്റെ ശരീരത്തില്‍ നിന്നും കഞ്ചാവ് കണ്ടെത്തിയിട്ടില്ലെന്നും സൂചനയുണ്ട്.
കഴിഞ്ഞ ആഴ്ച തൃശൂര്‍ കഴിമ്പ്രം ബീച്ച് ഫെസ്റ്റിവലില്‍ നടന്ന പരിപാടിക്കിടെ സിന്തറ്റിക് ഡ്രഗ്‌സിനെതിരെ വേടന്‍ രംഗത്തെത്തിയിരുന്നു. സിന്തറ്റിക് ഡ്രഗുകള്‍ നമ്മുടെ തലച്ചോറിനെ കാര്‍ന്നു തിന്നുകയാണെന്നും നിരവധി മാതാപിതാക്കള്‍ തന്റെ അടുത്തെത്തി മക്കളെ പറഞ്ഞ് മനസിലാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും വേടന്‍ പറഞ്ഞിരുന്നു.