
'മാലിന്യ മുക്തം നവകേരളം' ക്യാമ്പയിൻ്റെ മുന്നൊരുക്കങ്ങൾ ആരംഭിക്കാൻ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. തീരുമാനമെടുത്ത പ്രവർത്തനങ്ങൾ കൃത്യമായി നടക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒക്ടോബര്‍ 2 മുതല്‍ മാര്‍ച്ച് 30 വരെയാണ് ക്യാമ്പയിന്‍ നടക്കുക.
സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ‘മാലിന്യ മുക്തം നവകേരളം’ ക്യാമ്പയിന് ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്താൻ മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തിലായിരുന്നു തീരുമാനം. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍, വാര്‍ഡ് തലം മുതല്‍ ജില്ലാ തലം വരെയുള്ള സമിതികള്‍ കൃത്യസമയത്ത് രൂപീകരിക്കണം. നിര്‍ദ്ദേശിച്ച പ്രവര്‍ത്തനങ്ങള്‍ അതാത് സമയം നടക്കുന്നുവെന്ന് ഉറപ്പാക്കണം. ജില്ലാ ചുമതലയുള്ള മന്ത്രിമാരുടെ സാന്നിധ്യത്തില്‍ യോഗം നടത്തി വിശദാംശങ്ങള്‍ തയ്യാറാക്കണം.
നാട്ടില്‍ നിന്നും പൂര്‍ണമായി ഒഴിവായ പകർച്ചവ്യാധികൾ വീണ്ടും വരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം. ആശുപത്രികളില്‍ മരുന്ന് ലഭ്യത ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. മഴ കൂടുതല്‍ ശക്തിപ്പെടുന്ന പശ്ചാത്തലത്തില്‍ ദുരന്തപ്രതിരോധപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കണം. ഓറഞ്ച് ബുക്ക് പ്രകാരമുള്ള നടപടി സ്വീകരിക്കുകയും, ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തണമെന്നും മുഖ്യമന്ത്രി നിർദേശം നൽകി.