
ലോക്സഭയിൽ കോൺഗ്രസിൻ്റെ ഡെപ്യൂട്ടി ലീഡറായി ഗൗരവ് ഗൊഗോയെ തെരഞ്ഞെടുത്തു. തീരുമാനം സംബന്ധിച്ച കത്ത് കോൺഗ്രസ് പാർലിമെൻ്ററി അധ്യക്ഷ സോണിയ ഗാന്ധി സ്‌പീക്കർ ഓം ബിർളക്ക് കൈമാറി. എട്ടാം തവണയും ലോക്‌സഭയിലേക്കെത്തിയ കൊടിക്കുന്നിൽ സുരേഷിന് ചീഫ് വിപ്പ് സ്ഥാനം ലഭിക്കുമെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ തൻ്റെ എക്സ് പോസ്റ്റിലൂടെ വ്യക്തമാക്കി.
മാണിക്കം ടാഗോർ, കിഷൻഗഞ്ച് എംപി മുഹമ്മദ് ജവൈദ് എന്നിവരാണ് വിപ്പ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. നേതാക്കൾക്ക് അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ടായിരുന്നു കെ.സി വേണുഗോപാലിൻ്റെ പോസ്റ്റ്. ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ജനങ്ങളുടെ പ്രശ്നങ്ങൾ ലോക്സഭയിൽ അവതരിപ്പിക്കുമെന്നും പോസ്റ്റിൽ പറയുന്നു.
കോൺഗ്രസ് ലീഡർ തെരഞ്ഞെടുപ്പിൽ പ്രാദേശിക സന്തുലിതാവസ്ഥ നിലനിർത്തിയെന്നത് വ്യക്തമാണ് . ദക്ഷിണേന്ത്യയിൽ നിന്നുള്ള കൊടിക്കുന്നിൽ സുരേഷും മാണിക്കം ടാഗോറും വടക്കേ ഇന്ത്യയിൽ നിന്നുള്ള ജവൈദും വടക്കുകിഴക്കൻ മേഖലയിൽ നിന്നുള്ള ഗൗരവ് ഗൊഗോയുമാണ് ഇനി ലോക്‌സഭയിൽ പാർട്ടിയെ പ്രതിനിധീകരിക്കുക.