ഗൗരി ലങ്കേഷ് വധക്കേസ്: മൂന്ന് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച് കര്‍ണാടക ഹൈക്കോടതി; നടപടി വിചാരണ വൈകുന്നത് ചൂണ്ടിക്കാട്ടി

വിചാരണ വൈകുന്നതിന്റെ പേരില്‍ മറ്റൊരു പ്രതിയായ മോഹന്‍ നായകിന് 2023 ഡിസംബറില്‍ ജാമ്യം അനുവദിച്ചത് ചൂണ്ടിക്കാട്ടിയാണ് മൂവരും ജാമ്യ ഹര്‍ജി നല്‍കിയത്
ഗൗരി ലങ്കേഷ്
ഗൗരി ലങ്കേഷ്
Published on

ആക്ടിവിസ്റ്റും മാധ്യമപ്രവർത്തകയുമായ ഗൗരി ലങ്കേഷിനെ വെടിവെച്ചു കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച് കര്‍ണാടക ഹൈക്കോടതി. അമിത് ദിഗ്വേകര്‍, കെ.ടി നവീന്‍ കുമാര്‍, എച്ച്.എല്‍ സുരേഷ് എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്. വിചാരണ വൈകുന്നതിന്റെ പേരില്‍ കേസിലെ മറ്റൊരു പ്രതിയായ മോഹന്‍ നായകിന് 2023 ഡിസംബറില്‍ ജാമ്യം അനുവദിച്ചത് ചൂണ്ടിക്കാട്ടിയാണ് മൂവരും ജാമ്യ ഹര്‍ജി നല്‍കിയത്. ഇത് പരിഗണിച്ചാണ് ജസ്റ്റിസ് എസ്. വിശ്വജിത്ത് ഷെട്ടിയുടെ ബെഞ്ചിന്റെ നടപടി.

കുറ്റപത്രത്തില്‍ ആകെ 527 സാക്ഷികളുണ്ടെങ്കിലും 90 പേരെ മാത്രമാണ് വിസ്തരിച്ചതെന്ന് ചൂണ്ടിക്കാട്ടി, വിചാരണ പൂര്‍ത്തിയാക്കുന്നതില്‍ കാലതാമസം വന്നതിന്റെ പേരിലാണ് നായക് അന്ന് ജാമ്യം തേടിയത്. സമാന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് അമിത് ദിഗ്വേകര്‍, കെ.ടി നവീന്‍ കുമാര്‍, എച്ച്.എല്‍ സുരേഷ് എന്നിവരും ജാമ്യത്തിന് അപേക്ഷിച്ചത്. അതേസമയം, സംസ്ഥാന സര്‍ക്കാര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തു. ആക്ടിവിസ്റ്റ് എം.എം കലബുറഗി വധക്കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതിയുടെ ധാര്‍വാഡ് ബെഞ്ചിൻ്റെ ഉത്തരവ് ചൂണ്ടിക്കാട്ടിയായിരുന്നു സംസ്ഥാനത്തിന്റെ എതിര്‍പ്പ്. ഇതോടെ, ജൂലൈ രണ്ടിന് ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

2017 സെപ്റ്റംബര്‍ അഞ്ചിനായിരുന്നു ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടത്. ജോലി കഴിഞ്ഞു മടങ്ങിയ ഗൗരിയെ വെസ്റ്റ് ബംഗളൂരുവിലെ രാജരാജേശ്വരി നഗറിലെ വീടിനു മുന്നില്‍വെച്ച് മോട്ടോര്‍ സൈക്കിളിലെത്തിയ രണ്ടംഗ സംഘമാണ് വെടിവെച്ചു കൊലപ്പെടുത്തിയത്. ഹെല്‍മറ്റ് ധരിച്ചിരുന്നയാള്‍ സമീപിക്കുന്നതുകണ്ട് വീട്ടിലേക്ക് ഓടാന്‍ ശ്രമിച്ചെങ്കിലും, ഗൗരി വെടിയേറ്റു വീഴുകയായിരുന്നു. നെഞ്ചിലും മുതുകത്തും രണ്ട് വെടിയേറ്റതായാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.

രാജ്യവ്യാപക പ്രതിഷേധത്തിനൊടുവില്‍, ഒരു വര്‍ഷത്തിനുള്ളില്‍ പ്രത്യേക അന്വേഷണ സംഘം 17 പ്രതികളെ പിടികൂടി. തീവ്ര ഹിന്ദുത്വ സംഘടനയായ സനാതന സന്‍സ്തയുടെ പ്രവര്‍ത്തകരായിരുന്നു പ്രതികള്‍. എന്നാല്‍, ഇത്ര കാലമായിട്ടും കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് പ്രതികള്‍ ജാമ്യാപേക്ഷ നല്‍കിയതും.

കേസില്‍ 2018 മുതല്‍ ജയിലിലായിരുന്ന നായകിന്റെ ജാമ്യാപേക്ഷ രണ്ടു തവണ കോടതി തള്ളിയിരുന്നു. എന്നാല്‍, വിചാരണ പൂര്‍ത്തിയാക്കുന്നതില്‍ അസാധാരണമായ കാലതാമസം ഉണ്ടായെന്ന വാദം അംഗീകരിച്ച് പിന്നീട് അതേ ബെഞ്ച് തന്നെ ജാമ്യം അനുവദിക്കുകയായിരുന്നു. കര്‍ണാടകയിലെ സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമപ്രകാരം അറസ്റ്റിലായെങ്കിലും ആജീവനാന്തമോ, വധശിക്ഷയോ നല്‍കാനുള്ള കുറ്റങ്ങളൊന്നും ചുമത്തിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു കോടതി നായകിന് ജാമ്യം നല്‍കിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com