
യൂട്യൂബിന്‍റെ മുന്‍ സിഇഒയും ഗൂഗിളിന്‍റെ ആദ്യത്തെ ജീവനക്കാരില്‍ ഒരാളുമായ സൂസന്‍ വോജിസ്‌കി (56) അന്തരിച്ചു. രണ്ട് വര്‍ഷമായി ശ്വാസകോശ അര്‍ബുദ ബാധിതയായി ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച, ഭര്‍ത്താവ് ഡെന്നിസ് ട്രോപ്പറാണ് മരണവിവരം അറിയിച്ചത്.
സൂസൻ്റെ വിയോഗത്തിൽ ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ അനുശോചനം അറിയിച്ചു,
"രണ്ട് വര്‍ഷമായി കാന്‍സറുമായി ജീവിക്കുന്ന എന്‍റെ പ്രിയപ്പെട്ട സുഹൃത്തിന്‍റെ വിയോഗത്തില്‍ ഞാന്‍ അതീവ ദുഃഖിതനാണ്. ആരേക്കാളും ഗൂഗിളിന്‍റെ ചരിത്രത്തിന്‍റെ ഭാഗമാണ് അവര്‍. അവരില്ലാത്ത ലോകം സങ്കല്‍പ്പിക്കാന്‍ പ്രയാസമാണ്" - ഗൂഗിള്‍ ചീഫ് എക്‌സിക്യൂട്ടീവ് എക്‌സില്‍ കുറിച്ചു.
സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാല വിദ്യാര്‍ഥികള്‍ സ്റ്റാര്‍ട്ടപ്പ് വിപ്ലവം തുടങ്ങുന്ന കാലത്ത് സിലിക്കണ്‍വാലിയിലെ ഓരൊ മുക്കും മൂലയും ഇന്നൊവേഷന്‍ കേന്ദ്രങ്ങളായി മാറിയിരുന്നു. അങ്ങനെ സര്‍വകലാശാലയിലെ രണ്ട് വിദ്യാര്‍ഥികള്‍ ഒരു സെര്‍ച്ച് എന്‍ജിന്‍ ആശയവുമായി മുന്നോട്ട് വന്നു. അവരുടെ ഓഫീസും പരീക്ഷണശാലയും സൂസന്‍ വാടകയ്ക്ക് നല്‍കിയ ഗരാജായിരുന്നു. അതാണ് ഗൂഗിളിന്‍റെ ചരിത്രത്തിലേക്കുള്ള സൂസന്‍റെ രംഗപ്രവേശനം. ആ രണ്ട് പേര്‍, ലാറി പേജും സെര്‍ജെയ് ബ്രിന്നും ഗൂഗിള്‍ എന്ന സെര്‍ച്ച് എന്‍ജിന്‍ കൊണ്ട് ലോകത്തെ ഞെട്ടിച്ചു. ഒരു വര്‍ഷത്തിനു ശേഷം, ഇന്‍റല്‍, ബെയിന്‍ ആന്‍ഡ് കമ്പനി എന്നിവിടങ്ങളില്‍ ജോലി ചെയ്തിരുന്ന സൂസനെ അവര്‍ ഗൂഗിളിന്‍റെ മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവായി നിയമിച്ചു. അങ്ങനെ അവര്‍ ഗൂഗിളിന്‍റെ 16മത്തെ ജീവനക്കാരിയായി. തന്നിലേക്ക് വന്നു ചേര്‍ന്ന ചുമതലകളൊക്കെ സൂസന്‍ കൃത്യമായി നര്‍വഹിച്ചു. ആഡ് പ്രൊഡക്ട്‌സ് വൈസ് പ്രസിഡന്‍റായിരുന്ന സൂസന്‍ ഗൂഗിളിനെ പരസ്യങ്ങളുമായി ബന്ധിപ്പിച്ചു. ഗൂഗിളിന്‍റെ വീഡിയോ സേവനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
യൂട്യൂബ് എന്ന ചെറിയ സ്റ്റാര്‍ട്ടപ്പിന്‍റെ സാധ്യത ആദ്യം തിരിച്ചറിഞ്ഞതും സൂസനായിരുന്നു. വൈകാതെ ഗൂഗിള്‍ യൂട്യൂബിനെ ഏറ്റെടുത്തു. അതോടെ വീഡിയോ സേവനങ്ങളുടെ കുത്തകാവകാശികളായി ഗൂഗിള്‍ മാറി . 2014 മുതല്‍ 2023 വരെ യൂട്യൂബിന്‍റെ സിഇഒ ആയിരുന്നു സൂസന്‍. യൂട്യൂബ് മോണിറ്റൈസേഷന്‍ അവതരിപ്പിക്കുന്നത് സൂസനാണ്. ഇന്ന് യൂട്യൂബിലൂടെ വരുമാനം കണ്ടെത്തുന്ന കോണ്‍ടന്‍റ് ക്രിയേറ്റേഴ്‌സ് സൂസനോട് കടപ്പെട്ടിരിക്കുന്നു. ലോകത്തിലെ ഏറ്റവും ആശയ സമ്പന്നയായ സംരഭകരില്‍ ഒരാളാണ് അന്തരിച്ച സൂസന്‍ വോജിസ്‌കി.