ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 400 കടന്നു; ഇസ്രയേല്‍ വ്യോമാക്രമണങ്ങളില്‍ നാല് മുതിർന്ന ഹമാസ് നേതാക്കള്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ആക്രമണത്തിന് മുന്‍പ് യുഎസുമായി കൂടിയാലോചന നടന്നതായി വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു
ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 400 കടന്നു; ഇസ്രയേല്‍ വ്യോമാക്രമണങ്ങളില്‍  നാല് മുതിർന്ന ഹമാസ് നേതാക്കള്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട്
Published on

​ഗാസയിൽ ഇസ്രയേൽ വ്യോമാക്രണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 404 ആയതായി റിപ്പോർട്ട്. 600 ലധികം പേർക്കാണ് ആക്രമങ്ങളിൽ പരിക്കേറ്റത്. ഹമാസ് നേതാവും ഗാസ ഉപ ആഭ്യന്തരമന്ത്രിയുമായ മഹ്മൂദ് അബു വഫ അടക്കം നാല് മുതിർന്ന ഹമാസ് നേതാക്കള്‍ കൊല്ലപ്പെട്ടതായാണ് പുറത്തുവരുന്ന വിവരം. ഹമാസുമായുള്ള രണ്ടാം ഘട്ട വെടിനിർത്തൽ ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് ആക്രമണമെന്നാണ് ഇസ്രയേലിന്റെ വിശദീകരണം. ആക്രമണത്തിന് മുമ്പ് യുഎസുമായി കൂടിയാലോചന നടന്നതായി വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു.

ജനുവരി 19ന് ആദ്യഘട്ട വെടിനിർത്തൽ കരാർ നിലവിൽ വന്നതിന് ശേഷമുള്ള ഏറ്റവും വലിയ ആക്രമണമാണ് ഇന്ന് പുലർച്ചെയുണ്ടായത്. യുഎസിന്റെ മധ്യസ്ഥതയിൽ നടന്ന സമാധാന ചർച്ച ഫലംകാണാതെ പിരിഞ്ഞതിനു പിന്നാലെയാണ് ആക്രമണം. മധ്യ ഗാസയിലെ ദെയ്ർ അൽ-ബലായിലെ വീടുകൾക്ക് നേരെയും ഗാസ സിറ്റിയിലേയും ഖാൻ യൂനിസിലെയും റഫയിലെയും കെട്ടിടങ്ങൾക്കു നേരെയുമാണ് ആക്രമണമുണ്ടായത്. കുട്ടികളും സ്ത്രീകളും ഉൾപ്പെടെ കൊല്ലപ്പെട്ടവരുടെ എണ്ണം ഉയരുകയാണ്. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും വലിയ നാശനഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്.

ആക്രമണത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഇസ്രയേൽ സൈന്യം പുറത്ത് വിട്ടിട്ടില്ല. യുദ്ധം അവസാനിപ്പിക്കാൻ തയ്യാറാകാതിരുന്ന ഇസ്രയേൽ ആദ്യഘട്ട വെടിനിർത്തൽ നീട്ടാനാണ് ഹമാസിനോട് ആവശ്യപ്പെട്ടത്. ഈ നിർദേശം ഹമാസ് തള്ളിയതോടെയാണ് രണ്ടാംഘട്ട ചർച്ചകൾ വഴിമുട്ടിയത്. ഇതിനുപിന്നാലെ ഇസ്രയേലും ഹമാസും മധ്യസ്ഥ ചർച്ചകളിൽ ഏർപ്പെട്ടിരുന്നെങ്കിലും ഈ ചർച്ചകൾ ഫലം കണ്ടിരുന്നില്ല. യുഎസ് നിർദേശം ഹമാസ് നിരസിച്ചതിനെത്തുടർന്നാണ് ഗാസയിൽ വ്യോമാക്രമണം നടത്തിയതെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ ഓഫീസ് അറിയിച്ചു. എന്നാൽ ഇസ്രയേല്‍ ഏകപക്ഷീയമായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്നും ഇതിന്‍റെ ഉത്തരവാദിത്തം നെതന്യാഹുവിനാണെന്നും ഹമാസ് പ്രതികരിച്ചു. ബന്ദികളുടെ വിധി അനിശ്ചിതത്വത്തിലാകുന്ന സ്ഥിതിവിശേഷമാണ് ഇസ്രയേൽ സൃഷ്ടിക്കുന്നതെന്നും ഹമാസ് പ്രതികരിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com