
യുദ്ധം കവർന്നെടുത്ത ഗാസയിൽ പ്രതീക്ഷയുടെ വിത്ത് വിതയ്ക്കുകയാണ് 24 കാരനായ യൂസഫ് അബു റാബി. യുദ്ധത്തിൽ കിടപ്പാടവും കൃഷിയും നഷ്ടപ്പെട്ട റാബിയും കുടുംബവും ഈ വേദനയിൽ നിന്നും അതിജീവിക്കുന്നതിനായി ബെയ്ത്ത് ലാഹിയയിൽ കൃഷി ചെയ്യുകയാണ്.
അതിജീവനത്തിന്റെ നാമ്പുപോലും കാണാനില്ലാത്ത വടക്കൻ ഗാസയിലെ ബെയ്ത്ത് ലാഹിയയിൽ നിന്ന് പ്രതീക്ഷയുടെ ചിറകടികേൾക്കുന്നത്. യുദ്ധത്തിൽ പാർപ്പിടവും കൃഷിഭൂമിയും പൂർണമായി നശിച്ചതോടെയാണ് എഞ്ചിനീയറിംഗ് ബിരുദധാരിയായ യൂസഫ് അബു റാബിയും കുടുംബവും അഭയാർഥി ക്യാമ്പിലെത്തിയത്. മരണത്തെ മുന്നില്‍കണ്ട് ദുരിത ജീവിതം നയിക്കുമ്പോഴും റാബിയുടെ ഏക പ്രതീക്ഷ കൃഷിയായിരുന്നു. ഒടുവില്‍ കൃഷിയുമായി മുന്നിട്ടിറങ്ങിയ റാബിയെ പിന്തുണച്ച് കുടുംബവും ഒപ്പം ചേർന്നു.
ഉണങ്ങിവരണ്ട, ചാരം നിറഞ്ഞ കൃഷിയിടങ്ങളില്‍ അവശേഷിച്ച വിളകളിൽ നിന്ന് തൈകളും വിത്തുകളും ശേഖരിച്ചായിരുന്നു തുടക്കം. പിന്നീട് കുരുമുളകിൻ്റെയും വഴുതനയുടെയും ഉള്‍പ്പെടെ 40,000 തൈകള്‍ നട്ടുപിടിപ്പിച്ച് കൃഷി വ്യാപിപ്പിച്ചു. ഇതോടെ വടക്കൻ ഗാസ മുനമ്പിനെ ദുസഹമാക്കിയ ഭക്ഷ്യക്ഷാമത്തെ അതിജീവിക്കാമെന്നും യൂസഫ് മനസിലുറപ്പിച്ചു. ജീവിതത്തില്‍ സകല പ്രതീക്ഷകളും നഷ്ടപ്പെട്ടിരുന്ന ഒരു വിഭാഗം ജനതയും കൃഷിയിടങ്ങളില്‍ അണിചേർന്നു. നാളെയെകുറിച്ച് നിറമുള്ള പ്രതീക്ഷകളില്ലെങ്കിലും അവർ ഒന്നിച്ച് വിത്തിറക്കി, വിളവെടുത്തു. ഗാസയിലെ ചില കണ്ണുകളിലെങ്കിലും പ്രതീക്ഷയുടെ പച്ചപ്പ് കാണാൻ തുടങ്ങി.