സാധാരണക്കാർ അവശേഷിക്കെ സൈനികരെ മോചിപ്പിച്ചു; പലസ്തീനികളെ വടക്കൻ ഗാസയിലേക്ക് മടങ്ങാൻ അനുവദിക്കില്ല, ഹമാസ് കരാർ ലംഘനം നടത്തിയെന്ന് ഇസ്രയേല്‍,

സാധാരണക്കാരായ എല്ലാ വനിതാ ബന്ദികളും മോചിപ്പിക്കപ്പെടുന്നതോടെ നത്‌സറാം ഇടനാഴിയില്‍ നിന്ന് ഐഡിഎഫ് പിന്മാറുമെന്നും വടക്കന്‍ ഗാസയിലേക്ക് പലസ്തീനികള്‍ക്ക് മടങ്ങാമെന്നുമായിരുന്നു ഉടമ്പടി. എന്നാല്‍ ശനിയാഴ്ച മോചിപ്പിക്കുന്നവരുടെ പട്ടികയില്‍ അർബെൽ യെഹൂദിന്‍റെ പേരില്ലാതെ വന്നതോടെ ഈ തീരുമാനം മാറി.
സാധാരണക്കാർ അവശേഷിക്കെ സൈനികരെ മോചിപ്പിച്ചു; പലസ്തീനികളെ വടക്കൻ ഗാസയിലേക്ക് മടങ്ങാൻ അനുവദിക്കില്ല, ഹമാസ് കരാർ ലംഘനം നടത്തിയെന്ന് ഇസ്രയേല്‍,
Published on

അവശേഷിക്കുന്ന ബന്ദികളിലൊരാളായ അർബെൽ യെഹൂദിനെ വിട്ടുകിട്ടാതെ, കുടിയിറക്കപ്പെട്ട പലസ്തീനികളെ വടക്കൻ ഗാസയിലേക്ക് മടങ്ങാൻ അനുവദിക്കില്ലെന്ന് ഇസ്രയേല്‍.. സെെനികർക്ക് മുന്‍പ് സാധാരണക്കാരെ മോചിപ്പിക്കണമെന്ന വ്യവസ്ഥ ഹമാസ് ലംഘിച്ച പശ്ചാത്തലത്തിലാണ് പ്രഖ്യാപനം.. ഇതോടെ നത്‌സരാം ഇടനാഴിയിലെ ഐഡിഎഫിന്‍റെ സാന്നിധ്യം തുടരും.

ആദ്യഘട്ടത്തില്‍ ഹമാസ് മോചിപ്പിക്കുമെന്നറിയിച്ച 33 ബന്ദികളില്‍ ഇനി മൂന്ന് സ്ത്രീകളാണ് അവശേഷിക്കുന്നത്. അതില്‍ അർബെൽ യെഹൂദ്, ഷിരി ബിബാസ് എന്നീ സാധാരണക്കാരും അഗം ബെർഗർ എന്ന വനിതാ സെെനികയും ഉള്‍പ്പെടുന്നു. ജനുവരി 19ന് പ്രാബല്യത്തില്‍ വന്ന വെടിനിർത്തല്‍ കരാർ പ്രകാരം, ആദ്യ ഏഴുദിവസത്തിനുള്ളില്‍ മോചിപ്പിക്കേണ്ടിയിരുന്നത് സാധാരണക്കാരായ വനിതാ ബന്ദികളെയാണ്.

എന്നാല്‍ ശനിയാഴ്ച നാലുവനിതാ സെെനികരെ മോചിപ്പിച്ചുകൊണ്ട് ഹമാസ് വ്യവസ്ഥ ലംഘിച്ചു. ഇതോടെ അർബെൽ യെഹൂദിനെ വിട്ടുകിട്ടാതെ കുടിയിറക്കപ്പെട്ട പലസ്തീനികളെ വടക്കൻ ഗാസയിലേക്ക് മടങ്ങാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് ഇസ്രയേല്‍.

സാധാരണക്കാരായ എല്ലാ വനിതാ ബന്ദികളും മോചിപ്പിക്കപ്പെടുന്നതോടെ നത്‌സറാം ഇടനാഴിയില്‍ നിന്ന് ഐഡിഎഫ് പിന്മാറുമെന്നും വടക്കന്‍ ഗാസയിലേക്ക് പലസ്തീനികള്‍ക്ക് മടങ്ങാമെന്നുമായിരുന്നു ഉടമ്പടി. എന്നാല്‍ ശനിയാഴ്ച മോചിപ്പിക്കുന്നവരുടെ പട്ടികയില്‍ അർബെൽ യെഹൂദിന്‍റെ പേരില്ലാതെ വന്നതോടെ ഈ തീരുമാനം മാറി.

അതേസമയം, ശനിയാഴ്ച ഇസ്രയേലില്‍ തിരിച്ചെത്തിയ നാലുസെെനികരുടെ ജീവന് അപകടമുണ്ടാകാതിരിക്കാനാണ് അവരുടെ മോചനം വരെ ഇസ്രയേല്‍ പ്രഖ്യാപനം നീട്ടിയത്. മറ്റൊരു അറിയിപ്പുണ്ടാകുന്നതുവരെ നത്‌സറാമില്‍ തുടരാനാണ് സെെനികർക്ക് നല്‍കിയിരിക്കുന്ന നിർദേശം. സൈനികർ വിന്യസിക്കപ്പെട്ടിരിക്കുന്ന മേഖലകളിലേക്ക് പലസ്തീനികള്‍ മടങ്ങരുതെന്ന കർശനമായ മുന്നറിയിപ്പും ഐഡിഎഫ് പുറപ്പെടുവിച്ചിട്ടുണ്ട്.

പലസ്തീനിയൻ ഇസ്ലാമിക് ജിഹാദ് എന്ന ഹമാസ് കക്ഷിയുടെ പിടിയിലുള്ള അർബെലിനെ അടുത്ത ശനിയാഴ്ച വിട്ടയക്കുമെന്ന ഉറപ്പോ, അവർ ജീവനോടെയുണ്ടെന്നതിന് തെളിവോ നല്‍കണമെന്ന് ഇസ്രയേല്‍ ഹമാസിനോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുണ്ട്. ബന്ദികെെമാറ്റം നടക്കേണ്ട ശനിയാഴ്ചയ്ക്ക് മുന്‍പ് അർബെലിനെ മോചിപ്പിച്ചാല്‍ ഉടന്‍ വടക്കന്‍ ഗാസയിലേക്ക് പ്രവേശനം അനുവദിക്കാമെന്ന് ഇസ്രയേല്‍ മധ്യസ്ഥരെ അറിയിച്ചതായും സൂചനയുണ്ട്. ശനിയാഴ്ച മോചിപ്പിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നവരുടെ പട്ടികയില്‍ ഇസ്രയേലി- അർജന്‍റീനിയന്‍ ഇരട്ട പൌരത്വമുള്ള ഷിരി ബിബാസും അവരുടെ 5 ഉം 2 ഉം വയസുള്ള രണ്ട് കുഞ്ഞുങ്ങളുമുണ്ട്.

2023 ഒക്ടോബർ 7ന് നഹൽ ഓസ് സൈനിക താവളത്തില്‍ നിന്ന് ബന്ദികളാക്കിയ വനിതാസെെനികരില്‍ ഇനി ഹമാസ് മോചിപ്പിക്കാനുള്ള ഏക സെെനികയാണ് അഗം ബെർഗർ. പട്ടികയില്‍ അവശേഷിക്കുന്ന മറ്റ് 26 ബന്ദികളെക്കുറിച്ചുള്ള വിശദാംശങ്ങളിലും ഇസ്രയേലിന് ആശങ്കയുണ്ട്. ഇതില്‍ എത്രപേർ ജീവനോടെയുണ്ടെന്ന വിശദാംശങ്ങള്‍ അടുത്തദിവസങ്ങളില്‍ ഹമാസ് കെെമാറിയേക്കുമെന്നാണ് സൂചന.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com