
എത്ര തേച്ചാലും മായ്‌ചാലും ഇന്ത്യയിൽ നിന്ന് ഒഴിവാക്കാൻ കഴിയാത്ത ഗുരുതര സമൂഹിക പ്രശ്നമാണ് ജാതി വിവേചനം. രാജ്യത്ത് ചിലർ ജന്മം കൊണ്ട് പൂജാരികളാകുന്നെങ്കിൽ, ചിലർ തൂപ്പുകാരാവുന്നു. എന്നാൽ ഇന്ന് ഉപജീവനത്തിനായി ശുചീകരണ ജോലി പോലും ചെയ്യാൻ കഴിയാത്ത അവസ്ഥയാണ് രാജസ്ഥാനിലെ ദളിത് സമൂഹമായ വാൽമീകി വിഭാഗത്തിന്. പുതിയ സർക്കാർ നയമാവട്ടെ, അവരെ കൂടുതൽ ദുരിതത്തിലാക്കുകയാണ്.
മറ്റൊരാളുടെ കീഴിൽ ശുചീകരണപ്പണി ചെയ്ത് ഉപജീവനമാർഗം കണ്ടെത്തേണ്ട ഗതികേട്- വാൽമീകി സമുദായത്തിലെ ആളുകളുടെ അവസ്ഥയെ ഇങ്ങനെ പറയാം. രാജസ്ഥാനിൽ ദശാബ്ദങ്ങളായി വാൽമീകി സമുദായത്തിന് ഏൽപ്പിക്കപ്പെട്ട ജോലിയാണ് ശുചീകരണം. തുച്ഛമായ വേതനത്തിൽ വൃത്തിഹീനമായ സാഹചര്യത്തിൽ സുരക്ഷിതമല്ലാത്ത ജോലി ചെയ്യേണ്ടി വന്നവരാണ് ഇവർ. ദിവസവേതനത്തിലാണ് വാൽമീകി വിഭാഗം ശുചീകരണ ജോലി ചെയ്തുകൊണ്ടിരുന്നത്. എന്നാൽ പുതുതായെത്തിയ സർക്കാർ നയം മൂലം ജോലിക്ക് പോകാൻ പറ്റാത്ത അവസ്ഥയാണിവർക്ക്. 2018ലാണ് സഫായ് കർമചാരി, സാനിറ്റേഷൻ ജോലികൾക്ക് സംവരണം ഏർപ്പെടുത്തികൊണ്ടുള്ള സംസ്ഥാന സർക്കാർ നയം പുറത്തുവരുന്നത്. എസ്‌സി/എസ്‌ടി വിഭാഗത്തിനൊപ്പം ഒബിസി, ജനറൽ എന്നിവരെ കൂടി ഉൾപ്പെടുത്തി കൊണ്ട് സർക്കാർ ക്വാട്ട പുതുക്കി.
സർക്കാർ നയം പുതുക്കയതിന് പിന്നാലെ, സാമൂഹികമായി മേൽക്കൈയുള്ള വിഭാഗത്തിലെ ആളുകൾ തൂപ്പുകാരുടെ തസ്തികകളിൽ ജോലിക്ക് കയറി. ഇതോടെ തലമുറകളായി ശുചീകരണം ചെയ്തുപോന്ന വാൽമീകി വിഭാഗത്തിന് ഉണ്ടായിരുന്ന പണിയും കുറഞ്ഞു. എന്നാൽ ജോലി ലഭിച്ചിട്ടും വാൽമീകി വിഭാഗക്കാരെ വെച്ച് ശുചീകരണപ്രവർത്തനങ്ങൾ ചെയ്യിക്കാനും ഉയർന്ന ജാതിക്കാർ മടിച്ചില്ലെന്നതാണ് മറ്റൊരു വസ്തുത. സർക്കാർ നിശ്ചയിച്ച പണിക്കാരുടെ പട്ടികയിൽ ഉൾപ്പെട്ടാൽ 20,000 രൂപ വരെയാണ് പരമാവധി പ്രതിമാസ വരുമാനം. പക്ഷെ ക്വാട്ടയിൽ പ്രവേശിച്ചവരുടെ കീഴിൽ പണിയെടുക്കുന്ന വാൽമീകി വിഭാഗത്തിനാവട്ടെ വെറും 5000 രൂപയാണ് ലഭിക്കുന്നത്. സ്വീപ്പർ തസ്തികയിലിരിക്കുന്നവർക്ക് കൃത്യമായ വേതനവും ആനുകൂല്യങ്ങളുമുണ്ട്. ഡിഗ്രിക്കാരും പിജിക്കാരും അടക്കം 46,000 ആളുകളാണ് ഈ വർഷം മാത്രം ശുചീകരണ ജോലിക്കായി അപേക്ഷ നൽകിയത്. എന്നാൽ ജാതിയുടെ തട്ട് വെച്ച് അവർക്കാ ശീലമില്ലാത്തതിനാൽ ഇവരാരും ചൂലെടുത്ത് ശുചീകരണം ചെയ്യുന്നില്ല.
ഇതോടെ വാൽമീകി സമുദായത്തിന് പണി ചെയ്തിട്ടും, കൂലി ലഭിക്കാത്ത അവസ്ഥയാണ്. സർക്കാർ ക്വാട്ട വഴി ജോലിക്ക് പ്രവേശിച്ചവർ, കിട്ടുന്ന ശമ്പളത്തിൻ്റെ വളരെ ചെറിയൊരു വിഭാഗം മാത്രമാണ് വാൽമീകി വിഭാഗത്തിന് വേതനമായി നൽകുന്നത്. ജോലിയിൽ സുരക്ഷയില്ലെന്ന് മാത്രമല്ല, ഇവർക്ക് കൃത്യമായ വേതനമോ ആനുകൂല്യങ്ങളോ ലഭിക്കുന്നുമില്ല. മനുഷ്യമാലിന്യം അടക്കം വാരുന്ന ഗതികെട്ട പണിയ്ക്കുള്ള കൂലി പോലും പങ്കുവെക്കേണ്ട സ്ഥിതിയാണ് വാൽമീകി വിഭാഗത്തിന്. മറ്റൊരു പണിക്കായി അന്വേഷിക്കാമെന്ന് കരുതിയാൽ, ദളിത് വിഭാഗമായ ഇവരെ ആരും പരിഗണിക്കുക പോലുമില്ല.
കഴിഞ്ഞ ഓഗസ്റ്റിൽ ജയ്പൂരിലെ ജോലിക്ക് മുൻഗണന നൽകണമെന്ന് ആവശ്യപ്പെട്ട് വാൽമീകി തൊഴിലാളികൾ രണ്ടാഴ്ച പണിമുടക്ക് നടത്തിയിരുന്നു. ഇക്കണോമിക്ക് ആൻ്റ് പൊളിറ്റിക്കൽ വീക്കിലിയുടെ(ഇപിഡബ്യു) റിപ്പോർട്ട് പ്രകാരം, 2003ലെ 1.26 ലക്ഷം സ്വീപ്പർ തസ്തികൾ, 2021ഓടെ കേന്ദ്രസർക്കാർ 44,000 ആയി കുറച്ചു. ദളിത് തൊഴിലാളികളുടെ കണക്കാവട്ടെ, 58 ശതമാനത്തിൽ നിന്ന് 32 ശതമാനമായി ഇടിഞ്ഞു. മേൽജാതിക്കാർക്ക് കീഴിൽ തുച്ഛമായ വേതനത്തിന് പണിയെടുക്കേണ്ടി വരുന്ന ദളിത് ജനതയെന്ന പുരാതന സങ്കൽപം തന്നെയാണ് ഇന്നും ബിജെപി സർക്കാർ ഭരിക്കുന്ന രാജസ്ഥാനിലെന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്.