ഇന്ത്യന്‍ സൈനിക മേധാവി ശ്രീനഗറിലേക്ക്; ഭീകരാക്രമണം നടന്ന പ്രദേശം ജനറല്‍ ഉപേന്ദ്ര ദ്വിവേദി സന്ദര്‍ശിക്കും

വിദേശകാര്യ മന്ത്രാലയം വിവിധ രാജ്യങ്ങളുടെ അംബാസിഡര്‍മാരുടെ യോഗം വിളിച്ച് ചേര്‍ക്കുകയും ചെയ്തു
ഇന്ത്യന്‍ സൈനിക മേധാവി ശ്രീനഗറിലേക്ക്; ഭീകരാക്രമണം നടന്ന പ്രദേശം ജനറല്‍ ഉപേന്ദ്ര ദ്വിവേദി സന്ദര്‍ശിക്കും
Published on

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ സൈനിക മേധാവി ശ്രീനഗറിലേക്ക് എത്തുന്നു. ഭീകരാക്രമണം നടന്ന പ്രദേശങ്ങളില്‍ ജനറല്‍ ഉപേന്ദ്ര ദ്വിവേദി സന്ദര്‍ശിക്കും. സേനയുടെ കശ്മീരിലെ മേധാവികളുമായും പ്രാദേശിക സുരക്ഷാ സേനകളുടെ മേധാവികളുമായും കൂടിക്കാഴ്ച നടത്തും.

വിദേശകാര്യ മന്ത്രാലയം വിവിധ രാജ്യങ്ങളുടെ അംബാസിഡര്‍മാരുടെ യോഗം വിളിച്ച് ചേര്‍ക്കുകയും ചെയ്തു. ജര്‍മനി ജപ്പാന്‍ പോളണ്ട് യുകെ റഷ്യ എന്നീ രാജ്യങ്ങളുടെ പ്രതിനിധികളുടെ യോഗമാണ് വിളിച്ചത്. പഹല്‍ഗാം ഭീകരാക്രമണത്തെക്കുറിച്ച് വിദേശകാര്യ മന്ത്രാലയം വിവിധ അംബാസിഡര്‍മാരോട് വിശദീകരിച്ചു.

ഭീകരാക്രമണത്തിന് പിന്നാലെ കടുത്ത നയതന്ത്ര യുദ്ധത്തിലേക്ക് കടന്നിരിക്കുകയാണ് ഇന്ത്യയും പാകിസ്ഥാനും. പാകിസ്ഥാനുമായുള്ള നയന്ത്ര ബന്ധം അവസാനിപ്പിക്കുന്നതടക്കമുള്ള സുപ്രധാന തീരുമാനങ്ങള്‍ ഇന്ത്യ എടുത്തിട്ടുണ്ട്. അതിര്‍ത്തി അടയ്ക്കുമെന്നും സിന്ദു നദീജല കരാര്‍ റദ്ദാക്കുമെന്നും പാകിസ്ഥാനികള്‍ക്ക് ഇനി ഇന്ത്യന്‍ വിസ നല്‍കില്ലെന്നും അറിയിച്ചിരുന്നു. 48 മണിക്കൂറിനകം ഇന്ത്യയിലെ പാകിസ്ഥാന്‍ അംഗങ്ങള്‍ രാജ്യം വിടണമെന്ന നിര്‍ദേശവും നല്‍കിയിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു രാജ്യം സുപ്രധാന തീരുമാനങ്ങള്‍ എടുത്തത്. വാഗാ ബോര്‍ഡറിലെ ബീറ്റിങ് ദ റിട്രീറ്റ് ചടങ്ങ് നിര്‍ത്താനും ആലോചിക്കുന്നുണ്ട്.

ഇതിന് പിന്നാലെ പ്രതികാര നടപടിയുമായി പാകിസ്ഥാനും രംഗത്തെത്തി. വാഗാ അതിര്‍ത്തിയും വ്യോമപാതയും പാകിസ്ഥാന്‍ അടച്ചു. ഇന്ത്യയുമായുള്ള വ്യാപാര കരാറുകള്‍ റദ്ദാക്കാനും തീരുമാനമായി. പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് പാകിസ്ഥാന്റെ നടപടി. ഇന്ത്യയുടെ നയതന്ത്ര തിരിച്ചടിയോടുള്ള പ്രതികരണമായിട്ടാണ് ഈ നീക്കം.

1971ലെ ഇന്ത്യ-പാക് യുദ്ധാനന്തരം രൂപീകരിച്ച സമാധാന ഉടമ്പടിയായ ഷിംല കരാറും പാകിസ്ഥാന്‍ റദ്ദാക്കി. 1972 ല്‍ സുല്‍ഫിക്കര്‍ അലി ഭൂട്ടോയും ഇന്ദിര ഗാന്ധിയും തമ്മില്‍ ഒപ്പുവെച്ച കരാറാണ് ഷിംല കരാര്‍. നിയന്ത്രണ രേഖ, തടവുകാരുടെ കൈമാറ്റം, തുടങ്ങി സുപ്രധാന നടപടികള്‍ ഉള്‍ക്കൊള്ളുന്നതാണ് കരാര്‍. സിന്ധു നദീജല കരാര്‍ റദ്ദാക്കിയ ഇന്ത്യന്‍ നടപടി യുദ്ധ പ്രഖ്യാപനമാണെന്നും പാകിസ്ഥാന്‍ പറഞ്ഞു. ഇന്ത്യന്‍ പൗരന്മാര്‍ക്കുള്ള വിസ മരവിപ്പിച്ചു. ഇസ്ലാമാബാദിലെ ഇന്ത്യന്‍ എംബസി മേധാവികളോട് പാകിസ്ഥാന്‍ വിടാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഏപ്രില്‍ 30നകം രാജ്യം വിടണമെന്നാണ് നിര്‍ദേശം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com