പുതിയ പാര്‍ട്ടി രൂപീകരണം നേരത്തെ നടന്നിരുന്നു; നാഷണല്‍ ഫാര്‍മേഴ്‌സ് പാര്‍ട്ടിക്ക് ഒരു മുന്നണിയോടും വിരോധമില്ല: ജോര്‍ജ് ജെ. മാത്യു

''രാജ്യം മുഴുവനുള്ള ന്യൂനപക്ഷങ്ങളുടെയും കര്‍ഷകരുടെയും താത്പര്യം സംരക്ഷിക്കുക എന്നതാണ് പാര്‍ട്ടി ലക്ഷ്യം''
പുതിയ പാര്‍ട്ടി രൂപീകരണം നേരത്തെ നടന്നിരുന്നു; നാഷണല്‍ ഫാര്‍മേഴ്‌സ് പാര്‍ട്ടിക്ക് ഒരു മുന്നണിയോടും വിരോധമില്ല: ജോര്‍ജ് ജെ. മാത്യു
Published on

നാഷണല്‍ ഫാര്‍മേഴ്‌സ് പാര്‍ട്ടി എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരണം നേരത്തെ തന്നെ നടന്നിരുന്നുവെന്ന് മുന്‍ എംപിയും മുന്‍ എംഎല്‍എയുമായ ജോര്‍ജ് ജെ. മാത്യു. തെരഞ്ഞെടുപ്പ് കമ്മീഷനില്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നും മെമ്പര്‍ഷിപ്പ് ക്യാംപെയ്ന്‍ ഉടന്‍ തുടങ്ങുമെന്നും ജോര്‍ജ് ജെ. മാത്യു പറഞ്ഞു.

ഒരു മുന്നണിയോടും വിരോധവും വിധേയത്വവും ഇല്ല. ഇന്നലെ നടന്ന കര്‍ഷക പ്രതിനിധി സമ്മേളനത്തില്‍ കര്‍ദിനാള്‍ എത്താതിരുന്നതിന്റെ കാരണം മാധ്യമ വാര്‍ത്തകളെന്നും ജോര്‍ജ് ജെ. മാത്യു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

രാജ്യം മുഴുവനുള്ള ന്യൂനപക്ഷങ്ങളുടെയും കര്‍ഷകരുടെയും താത്പര്യം സംരക്ഷിക്കുക എന്നതാണ് പാര്‍ട്ടി ലക്ഷ്യം. ഇതുവരെ മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയുമായി കൈകോര്‍ത്തിട്ടില്ല. എന്നാല്‍ ഭാവിയില്‍ അങ്ങനെ സംഭവിച്ചുകൂടാ എന്നുമില്ലെന്നും ജോര്‍ജ് മാത്യു പറഞ്ഞു.

ക്രൈസ്തവ മേഖലയില്‍ നിന്ന് വരുന്ന പുതിയ രാഷ്ട്രീയ പാര്‍ട്ടിക്ക് ബിജെപി അനുകൂല നിലപാടാണെന്ന് പരക്കെ വിമര്‍ശനമുയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് ജോര്‍ജ് ജെ മാത്യുവിന്റെ വിശദീകരണം. കോട്ടയത്ത് നടന്ന സംഘടനാ സമ്മേളനം കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി എത്തി ഉദ്ഘാടനം നിര്‍വഹിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ അദ്ദേഹം എത്താതിരുന്നതിന് പിന്നില്‍ മാധ്യമ വാത്തകള്‍ ആണെന്നാണ് ജോര്‍ജ് ജെ. മാത്യുവിന്റെ വിശദീകരണം.

കോട്ടയത്ത് നടന്ന പാര്‍ട്ടി യോഗത്തില്‍ തുഷാര്‍ വെള്ളാപ്പള്ളി അടക്കം പങ്കെടുത്തിരുന്നു. ബിജെപി ആഭിമുഖ്യമുള്ള ക്രൈസ്തവരെ പാര്‍ട്ടിയിലേക്കെത്തിക്കാനാണ് നേതാക്കളുടെ നീക്കമെന്നും റിപ്പോര്‍ട്ടുകളുണ്ട്. തുഷാര്‍ വെള്ളാപ്പള്ളി എത്തിയത് സൗഹൃദത്തെ തുടര്‍ന്നാണെന്നും ജോര്‍ജ് പറഞ്ഞു. അദ്ദേഹം കര്‍ഷകന്‍ കൂടിയാണ്. അങ്ങനെയാണ് അദ്ദേഹം ഇന്നലത്തെ പരിപാടിയില്‍ എത്തിയതെന്നും ജോര്‍ജ് പറഞ്ഞു.

അതേസമയം നേരത്തെ തന്നെ ക്രൈസ്തവ മേഖലയില്‍ നിന്നും സ്വതന്ത്ര രാഷ്ട്രീയ സംഘടനാ രൂപീകരണ സൂചനകള്‍ ഉയര്‍ന്നിരുന്നു. ക്രൈസ്തവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കേണ്ട സാഹചര്യമാണെന്ന് താമരശേരി ബിഷപ് റെമിജിയസ് ഇഞ്ചനാനിയേല്‍ ന്യൂസ് മലയാളത്തോട് നേരത്തെ പറഞ്ഞിരുന്നു.

എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തില്‍ വിമര്‍ശനുവമായി കോഴിക്കോട് രൂപത ബിഷപ്പ് വര്‍ഗീസ് ചക്കാലക്കല്‍ പറഞ്ഞിരുന്നു. സഭയ്ക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടി വേണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സഭയുടെ ഉന്നത പദവിയില്‍ ഇരിക്കുന്നവരാണ് എന്നും ചക്കാലക്കല്‍ പറഞ്ഞു.

കോഴിക്കോട് അതിരൂപത ആര്‍ച്ച് ബിഷപ്പായി നാളെ സ്ഥാനാരോഹണം നടക്കാനിരിക്കെയാണ് ഡോ. വര്‍ഗീസ് ചക്കാലക്കലിന്റെ പ്രതികരണം. തന്റെ സ്ഥാനാരോഹണത്തെ ദൈവാനുഗ്രഹമായി കാണുന്നുവെന്ന് അദ്ദേഹം നേരത്തേ പ്രതികരിച്ചിരുന്നു. പിന്നീടാണ് രാഷ്ട്രീയവുമായി ബന്ധപ്പെട്ട് തന്റെ അഭിപ്രായം തുറന്നു പറഞ്ഞത്. ഒരു ആര്‍ച്ച് ബിഷപ്പ് എന്ന നിലയില്‍ ജനങ്ങളെ അറിയുന്ന ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന വ്യക്തിയായി തീരണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് ബിഷപ്പ് പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com