
മദ്രസ വിഷയത്തില്‍ ബാലാവകാശ കമ്മീഷന്റെ നിലപാടിനെ കുറിച്ച് അഭിപ്രായം പറയുന്നതിൽ മന്ത്രി എന്ന നിലയിൽ തനിക്ക് പരിമിതിയുണ്ടെന്ന് കേന്ദ്രസഹമന്ത്രി ജോർജ് കുര്യൻ. ദേശീയ ബാലാവകാശ കമ്മീഷൻ ജുഡീഷ്യൽ സംവിധാനമാണ്. വിഷയത്തിൽ കെ.സുരേന്ദ്രൻ പാർട്ടി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഈ വിഷയത്തിൽ തനിക്ക് കൂടുതൽ പ്രതികരിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിലെ മദ്രസകളെ കുറിച്ചല്ല ബാലാവകാശ കമ്മീഷന്‍ പറഞ്ഞതെന്നായിരുന്നു കെ.സുരേന്ദ്രൻ പറഞ്ഞത്. അടിസ്ഥാന വിദ്യാഭ്യാസം ഉറപ്പ് വരുത്തുക ലക്ഷ്യം വെച്ചാണ് മദ്രസ അടച്ച് പൂട്ടണമെന്ന നിര്‍ദേശം ബാലാവകാശ കമ്മീഷൻ മുന്നോട്ടിവെച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍ മദ്രസ വിദ്യാഭ്യാസം മാത്രം മതി എന്ന നിലപാട് ഉണ്ട്. അതില്ലാതെയാക്കാനാണ് ഈ നടപടിയെന്നും കേരളത്തില്‍ അങ്ങനെ ഒരു സാഹചര്യം ഇല്ലെന്നും കെ. സുരേന്ദ്രൻ പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം രാജ്യത്തെ മദ്രസ ബോര്‍ഡുകള്‍ അടച്ചുപൂട്ടാന്‍ ദേശീയ ബാലാവകാശ കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്നു. മദ്രസകള്‍ക്കുള്ള ധനസഹായം നിര്‍ത്തണമെന്നും മദ്രസ ബോര്‍ഡുകളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നും ചൂണ്ടിക്കാട്ടി കമ്മീഷന്‍ മേധാവി പ്രിയങ്ക് കനുങ്കോ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങളിലെ അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ക്കും കത്തയച്ചിരുന്നു.