
ജോർജിയയിലെ സ്കൂളിൽ നാലുപേരെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പതിനാലുകാരന്റെ പിതാവിനെയും പൊലീസ് അറസ്റ്റു ചെയ്തു. 54 കാരനായ കോളിൻ ഗ്രേയാണ് അറസ്റ്റിലായത്. ഇയാൾക്ക് എതിരെ മനഃപൂർവമല്ലാത്ത നരഹത്യ അടക്കം നാല് കുറ്റങ്ങൾ ചുമത്തിയതായും ജോർജിയ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ഉദ്യോഗസ്ഥർ പറഞ്ഞു.
14 വയസുകാരൻ കോൾട്ട് ഗ്രേയ്‌ക്കെതിരെ നാല് കൊലപാതക കുറ്റങ്ങൾ ആണ് ചുമത്തിയിരിക്കുന്നത്. കോൾട്ടിനെ പ്രായപൂർത്തിയായി കണ്ട് പ്രോസിക്യൂട്ട് ചെയ്യാൻ ആണ് പദ്ധതിയെന്നും, ഇന്ന് പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്നും അധികൃതർ അറിയിച്ചു.
ALSO READ: അമേരിക്കയിൽ സ്കൂളിൽ വെടിവെപ്പ്; 4 പേർ കൊല്ലപ്പെട്ടു, അക്രമി 14 കാരനായ വിദ്യാർഥി
ബുധാനാഴ്ചയാണ് ബാരോ കൗണ്ടിയിലെ അപാലാച്ചി ഹൈസ്കൂളിൽ വെടിവയ്പ്പ് നടന്നത്. രാവിലെ പത്ത് ഇരുപതോടെയാണ് വെടിവെപ്പുണ്ടായത്. ആക്രമണത്തിൽ രണ്ട് വിദ്യാർത്ഥികളും രണ്ട് അധ്യാപകരും ആണ് കൊല്ലപ്പെട്ടത്. 9 പേർക്ക് പരുക്കേറ്റിട്ടുമുണ്ട്. എന്നാൽ അക്രമത്തിന് പിന്നിലെ കാരണമെന്തെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.
അഞ്ച് സ്കൂളുകളിൽ വെടിവെപ്പ് ഉണ്ടാകുമെന്ന് മുന്നറിയിപ്പ് ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. അതിൽ അപാലാച്ചിയായിരിക്കും ആദ്യത്തേത് എന്ന് സൂചിപ്പിച്ച് സ്കൂളിലേക്ക് ഒരു ഫോൺ കോൾ വന്നതായും റിപ്പോർട്ടുകളുണ്ട്.
അപകടം നടന്നയുടൻ സ്കൂളിന് അകത്തുണ്ടായിരുന്ന മുഴുവൻ വിദ്യാര്‍ഥികളെയും ഒഴിപ്പിച്ച് സ്‌കൂള്‍ അടച്ചു. ആക്രമണത്തെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അപലപിച്ചു. സ്കൂളുകൾക്ക് നേരെയുണ്ടായ ആക്രമണങ്ങളിൽ ഏറ്റവും മാരകമായ വെടിവെപ്പാണ് ജോർജിയയിലേതെന്നും ബൈഡൻ പറഞ്ഞു.