
ജർമനിയിൽ ക്രിസ്‌തുമസ് മാർക്കറ്റിൽ കാർ പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ രണ്ട് മരണം. 60 ഓളം പേർക്ക് പരുക്കേറ്റു. മാക്‌ഡെൻബർഗിലെ ക്രിസ്‌തുമസ് മാർക്കറ്റിലാണ് അപകടം നടന്നത്.
കാർ ഓടിച്ച സൗദി പൗരനായ ഡോക്‌ടറെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഇയാളുടെ കാറിൽ നിന്നും സ്ഫോടക വസ്‌തുക്കൾ കണ്ടെത്തിയതായി അധികൃതർ പറഞ്ഞു. അതുകൊണ്ട് ഭീകരാക്രമണ സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. സ്ഥലത്ത് കനത്ത പൊലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
ഒരു കറുത്ത ബിഎംഡബ്ല്യു ജനക്കൂട്ടത്തിനിടയിലൂടെ അതിവേഗം പാഞ്ഞുകയറുകയായിരുന്നുവെന്ന് സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് ഡെർ സ്പീഗൽ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ മറ്റാർക്കും പങ്കില്ലെന്നാണ് പ്രഥാമിക നിഗമനമെന്നും, അതുകൊണ്ട് ഇത്തരത്തിലുള്ള കൂടുതൽ അപകടമുണ്ടാകുമെന്ന് കരുതുന്നില്ലെന്നും, പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.