
ജർമ്മൻ പാർലമെൻ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ ആഫ്രിക്കൻ വംശജനായ എംപിയായ കരമ്പ ഡയബി അടുത്ത വർഷം മുതൽ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ചു. വംശീയ അധിക്ഷേപങ്ങളും വധഭീഷണിയും ഉൾപ്പെടെയുള്ള മെയിലുകൾ അദ്ദേഹത്തിന് വന്നതിന് പിന്നാലെയാണ് തീരുമാനമെടുത്തത്. കരമ്പ ഡയബിയ്ക്കു മാത്രമല്ല, സഹപ്രവർത്തകർക്കും സമാനമായ കത്തുകളും മെയിലുകളും ലഭിച്ചതായും റിപ്പോർട്ടുണ്ട്.
എന്നാൽ ഇതൊന്നും താൻ എടുത്ത തീരുമാനത്തിൻ്റെ പ്രധാന കാരണങ്ങൾ അല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സന്ദേശങ്ങളിൽ അപകീർത്തികരവും വേദനാജനകവുമായ പരാമർശങ്ങൾ ഉണ്ടായിരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. സമീപ വർഷങ്ങളിൽ വംശീയാധിക്ഷേപങ്ങൾ കൂടുതലായി നേരിട്ടേണ്ടി വന്നതായും സൂചിപ്പിച്ചു. കൂടുതലും വധഭീഷണികൾ ആയിരുന്നു.
വംശീയ അധിക്ഷേപങ്ങളെയും വധഭീഷണിയേയും ഭയപ്പെടുന്നില്ലെന്നും, അതിൽ പതറില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നതായും യുവ ജനങ്ങൾക്ക് രാഷ്ട്രീയത്തിൽ പ്രധാന്യം ഉറപ്പുവരുത്തുന്നതിനും വേണ്ടിയാണ് മാറി നിൽക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.