
രാഷ്ട്രീയ ഏറ്റുമുട്ടലുകൾക്കിടയിലും അമേരിക്കയ്ക്ക് ചൈനയുടെ സ്നേഹ സമ്മാനമായി രണ്ടു പാണ്ടകൾ. ഒരു ജോഡി ഭീമൻ പാണ്ടകളെയാണ് ചൈന അമേരിക്കയ്ക്ക് സ്നേഹസമ്മാനമായി നൽകിയത്. പാണ്ട എക്‌സ്പ്രസ് എന്ന് പേരിട്ടിരിക്കുന്ന ഫെഡ്എക്‌സ് കാർഗോ വിമാനം മൂന്നു വയസുള്ള ബാവോ ലിയെയും ക്വിംഗ് ബാവോയെയും വഹിച്ചു വാഷിംഗ്ടൺ ഡുള്ളസ് വിമാനത്താവളത്തിൽ വന്നിറങ്ങി.
പത്തു വർഷത്തെ ചൈന- യു.എസ് ബ്രീഡിംഗ് ആൻഡ് റിസർച്ച് കരാറിൻ്റെ ഭാഗമായാണ് പാണ്ടകളെ കൈമാറിയത്. ഏകദേശം ഒരു വർഷത്തോളമായി പാണ്ടകൾ ഇല്ലാതിരുന്ന അമേരിക്കയുടെ നാഷണൽ മൃഗശാലയിലേക്കാണ് ഈ അതിഥികളെ മാറ്റുന്നത്. അതിനു മുൻപ് ബാവോ ലിയും ക്വിംഗ് ബാവോയും 30 ദിവസം ദേശീയ മൃഗശാലയുടെ പാണ്ട ഹൗസിൽ അധികൃതരുടെ നിരീക്ഷണത്തിലായിരിക്കും.
ബാവോലി പാണ്ട ചൈനയിലാണ് ജനിച്ചതെങ്കിലും അവൻ്റെ അമ്മ വീടു കൂടിയാണ് വാഷിങ്ടൺ. ബാവോ ലിയുടെ അമ്മ 2013ൽ സ്മിത്‌സോണിയൻസ് നാഷണൽ സൂ ആൻഡ് കൺസർവേഷൻ ബയോളജി ഇൻസ്റ്റിറ്റ്യൂട്ടിലാണ് ജനിച്ചത്. നാല് വർഷത്തിന് ശേഷം ചൈനയിലേക്ക് മടങ്ങുകയും ചെയ്തു. 23 വർഷമായി ഈ മൃഗശാലയിൽ താമസിച്ചിരുന്ന ടിയാൻ്റെയും, മെയ് സിയാങിൻ്റെയും
പേരക്കുട്ടിയുമാണ് ബാവോ ലി.
1969ൽ അമേരിക്കൻ പ്രസിഡൻ്റായിരുന്ന റിച്ചാർഡ് നിക്സൺ ചൈന സന്ദർശിച്ച സമയത്തും ചൈനീസ് സർക്കാർ അമേരിക്കൻ ജനതയ്ക്ക് ഒരു ജോഡി പാണ്ടകളെ സമ്മാനമായി നൽകിയിരുന്നു. ഭീമാകാരമായ ആ പാണ്ടകൾ മൃഗശാലയുടെ പ്രധാന ആകർഷണമായി മാറുകയും ദശലക്ഷക്കണക്കിന് സന്ദർശകരെ ആകർഷിക്കുകയും ചെയ്തിരുന്നു.
പാണ്ട എല്ലായ്‌പ്പോഴും ചൈനയിൽ സമാധാനത്തിൻ്റെയും സൗഹൃദത്തിൻ്റെയും പ്രതീകമാണ്. എന്നാൽ പാണ്ടകൾ വംശനാശ ഭീഷണി നേരിടുന്നതിനാൽ 1982ൽ സമ്മാനമായി പാണ്ടകളെ നൽകുന്നത് ചൈന നിർത്തി. പകരം, തെരഞ്ഞെടുത്ത രാജ്യങ്ങൾക്ക് പാണ്ടകളെ വായ്പ നൽകുന്നതിലേക്ക് മാറുകയും നയതന്ത്ര ആവശ്യങ്ങൾക്കായി പ്രിയപ്പെട്ട മൃഗത്തെ ഉപയോഗിക്കുന്നതും തുടർന്നു.
എന്തൊക്കെയായാലും ബാവോലിയും, ക്വിംഗ് ബാവോയും പുതിയ ആവാസവ്യവസ്ഥയിൽ ഹാപ്പിയാണ്. 2025 ജനുവരി 24നാണ് ആരാധകർക്ക് ഈ അതിഥികളെ കാണാനുള്ള പ്രവേശനം അനുവദിക്കുക.