
ദൈവം തൻ്റെ കൂടെയാണെന്ന് റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡൻ്റ് സ്ഥാനാർഥി ഡൊണാൾഡ് ട്രംപ്. പാർട്ടിയുടെ ഔദ്യോഗിക പ്രസിഡൻ്റ് സ്ഥാനാർഥിയായി നാമനിർദേശം സ്വീകരിച്ച ശേഷം മിൽവാക്കിയിലെ ദേശീയ കൺവെൻഷനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പെൻസിൽവാനിയയിലുണ്ടായ ആക്രമണത്തെ കുറിച്ചായിരുന്നു ട്രംപിൻ്റ പ്രതികരണം.
"ഈ രാത്രി ഞാൻ ഇവിടെ ഉണ്ടാകേണ്ടതായിരുന്നില്ല. സർവശക്തനായ ദൈവത്തിൻ്റെ കൃപയാൽ മാത്രമാണ് ഞാൻ ഇന്ന് നിങ്ങൾക്കു മുന്നിൽ നിൽക്കുന്നത്". അവിശ്വസനീയമായ തൻ്റെ രക്ഷപ്പെടലിനെ 'ദൈവത്തിൻ്റെ ഇടപെടൽ' എന്ന് പലരും വിശേഷിപ്പിച്ചതിനെ കുറിച്ചും ട്രംപ് പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ തനിക്കുനേരെ ഉണ്ടായ വെടിവെപ്പ് വിശ്വസിക്കാനാവുന്നില്ലെന്ന് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചിരുന്നു.
'ഞാൻ മരിക്കേണ്ടതായിരുന്നു. ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു, അല്ലെങ്കിൽ ദൈവം തുണച്ചു'വെന്നും ട്രംപ് പറഞ്ഞു. കൃത്യസമയത്ത് തല വെട്ടിക്കാനായതാണ് ഏറ്റവും വലിയ കാര്യമെന്നും ഇത്തരമൊരു രക്ഷപ്പെടൽ മുൻപ് കണ്ടിട്ടില്ലെന്ന് ചികിത്സിച്ച ഡോക്ടർ പറഞ്ഞാതായും ട്രംപ് അറിയിച്ചു. പെൻസിൽവാനിയയിൽ പ്രചാരണറാലിയിൽ പങ്കെടുക്കവേയാണ് ട്രംപിനു നേരെ വെടിവെപ്പുണ്ടായത്.
ട്രംപിൻ്റെ വലത് ചെവിക്ക് പരുക്കു പറ്റിയിരുന്നു. വെടിവെപ്പുണ്ടായ ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ട്രംപിന് രക്ഷാകവചമൊരുക്കി അദ്ദേഹത്തെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരുന്നു. വലതു ചെവി ബാൻഡേജ് കൊണ്ട് ഭാഗികമായി മറച്ചുകൊണ്ടായിരുന്നു മിൽവാക്കിയിലെ റിപ്പബ്ലിക്കൻ ദേശീയ കൺവെൻഷൻ വേദിയിൽ ട്രംപ് എത്തിയിരുന്നത്. വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ട ട്രംപ് വീണ്ടും പ്രചാരണ രംഗത്ത് സജീവമായി.