മിന്നിച്ച് പൊന്ന്! വീണ്ടും റെക്കോര്‍ഡിട്ട് സ്വർണവില; ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ

രണ്ട് ദിവസംകൊണ്ട് 1600 രൂപയാണ് സ്വർണത്തിന് വർധിച്ചത്
മിന്നിച്ച് പൊന്ന്! വീണ്ടും റെക്കോര്‍ഡിട്ട് സ്വർണവില; ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ
Published on


സംസ്ഥാനത്ത് റെക്കോര്‍ഡിട്ട് സ്വർണവില. ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്ന് സ്വർണ വ്യാപാരം നടക്കുന്നത്. ഗ്രാമിന് 105 രൂപയാണ് ഉയര്‍ന്നത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 8920 രൂപയായി ഉയർന്നു. പവന് 71,360 രൂപയാണ് ഇന്നത്തെ വില. ഇതോടെ സ്വർണവില സർവകാല റെക്കോർഡിലെത്തി. ഡൊണാൾഡ് ട്രംപിൻ്റെ താരിഫ് പ്രഖ്യാപനങ്ങൾക്ക് പിന്നാലെയാണ് അന്താരാഷ്ട്ര സ്വർണവില വീണ്ടും റെക്കോർഡിട്ടത്.

കഴിഞ്ഞദിവസം മാത്രം 760 രൂപയാണ് വര്‍ധിച്ചത്. രണ്ട് ദിവസംകൊണ്ട് 1600 രൂപയാണ് സ്വർണത്തിന് വർധിച്ചത്. ശനിയാഴ്ചയാണ് സ്വര്‍ണവില ആദ്യമായി 70,000 കടന്നത്. അതേസമയം, അന്താരാഷ്ട്ര തലത്തിലും ആഭ്യന്തര തലത്തിലുമുണ്ടായ ഒറ്റദിവസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്.

ഈ മാസത്തിൽ തന്നെ നിരവധി തവണകളായി സ്വർണവില ഉയർന്നിരുന്നു. ഏപ്രിൽ മൂന്നിന് ഒരു പവൻ സ്വർണത്തിന് 400 രൂപ ഉയർന്ന് വിപണി വില 68,480 രൂപയായിരുന്നു. ഏപ്രിൽ ഏട്ടിനാണ് സ്വർണവിലയിൽ അല്പം ഇടിവ് രേഖപ്പെടുത്തിയത്. 480 രൂപ കുറഞ്ഞ് 65,800 രൂപയായിരുന്നു ആ ദിവസത്തെ വിപണി വില. പിന്നീട് ഏപ്രിൽ 12നാണ് സ്വർണവില റെക്കോര്‍ഡിട്ടത്. 70,160 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിൻ്റെ വില. ഏപ്രിൽ 16ന് 70,520 രൂപയിലായിരുന്നു വ്യാപാരം നടന്നത്.


ആഭരണപ്രേമികൾക്കും സാധാരണക്കാർക്കും തിരിച്ചടിയായാണ് സ്വർണവില ഉയരുന്നത്. ഇന്നത്തെ സ്വർണ വില പ്രകാരം ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ പണിക്കൂലി, ജിഎസ്ടി, ഹോൾമാർക്ക് ചാർജ് എന്നിവ ഉൾപ്പെടെ 76,000 രൂപയ്ക്ക് മുകളിൽ നൽകണം. ഉയർന്ന പണിക്കൂലി വരുന്ന ആഭരണങ്ങൾക്ക് വില ഇതിലും കൂടും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com