
ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണവില. ഗ്രാമിന് 251 രൂപ വർധിച്ച് 8,745 രൂപയിലെത്തി. പവന് 69960 രൂപയാണ് ഇന്നത്തെ വില. ഒറ്റ ദിവസം കൊണ്ട് 1,480 രൂപയാണ് കൂടിയത്. ഇതോടെ സ്വർണവില സർവകാല റെക്കോർഡിലെത്തി. ഡൊണാൾഡ് ട്രംപിൻ്റെ താരിഫ് പ്രഖ്യാപനങ്ങൾക്ക് പിന്നാലെയാണ് അന്താരാഷ്ട്ര സ്വർണവില വീണ്ടും റെക്കോർഡിട്ടത്.
അന്താരാഷ്ട്ര തലത്തിലും ആഭ്യന്തര തലത്തിലുമുണ്ടായ ഒറ്റദിവസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസങ്ങളിലായി ഇത് 2,680 രൂപ വരെ കുറഞ്ഞിരുന്നു. എന്നാൽ ഇന്നലെ ഒറ്റയടിക്ക് വീണ്ടും വർധിച്ചിരുന്നു. പവന് 2,160 രൂപയാണ് കഴിഞ്ഞ ദിവസം വർധിച്ചത്.
ആഭരണപ്രേമികൾക്കും സാധാരണക്കാർക്കും തിരിച്ചടിയായാണ് സ്വർണവില ഉയരുന്നത്. ഇന്നത്തെ സ്വർണ വില പ്രകാരം ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ പണിക്കൂലി, ജിഎസ്ടി, ഹോൾമാർക്ക് ചാർജ് എന്നിവ ഉൾപ്പെടെ 75,500 രൂപയ്ക്ക് മുകളിൽ നൽകണം. ഉയർന്ന പണിക്കൂലി വരുന്ന ആഭരണങ്ങൾക്ക് വില ഇതിലും കൂടും.