
സംസ്ഥാനത്ത് റെക്കോർഡിട്ട് സ്വർണവില. ഇന്നലെ മാറ്റമില്ലാതെ തുടർന്നെങ്കിലും ഇന്ന് സ്വർണ വില വീണ്ടും ഉയർന്നു. ഗ്രാമിന് 57 രൂപ വർധിച്ച് 8560 രൂപയായി. പവന് 456 രൂപയാണ് ഇന്ന് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 68,480 രൂപയിലെത്തി.
ഡൊണാൾഡ് ട്രംപിൻ്റെ താരിഫ് പ്രഖ്യാപനങ്ങൾക്ക് പിന്നാലെയാണ് അന്താരാഷ്ട്ര സ്വർണവില വീണ്ടും റെക്കോർഡിട്ടത്. ഈ വർഷം ഇതുവരെ 500 ഡോളറിലധികം രൂപയാണ് അന്താരാഷ്ട്ര സ്വർണവിലയിൽ ഉയർന്നത്.
2025 ജനുവരി ഒന്നിന് ഒരു ഗ്രാം സ്വർണത്തിൻ്റെ വില 7,150 രൂപയായിരുന്നു. പവന് വില 57,200 രൂപയും. കഴിഞ്ഞ മൂന്നു മാസത്തിനുള്ളിൽ സ്വർണവില ഗ്രാമിന് 1,360 രൂപയുടെ വ്യത്യാസവും പവൻ വിലയിൽ 10,880 രൂപയുടെയും വർധനവുമാണ് രേഖപ്പെടുത്തിയത്.
ആഭരണപ്രേമികൾക്കും സാധാരണക്കാർക്കും തിരിച്ചടിയായാണ് സ്വർണവില ഉയരുന്നത്. ഇന്നത്തെ സ്വർണ വില പ്രകാരം ഒരു ഗ്രാം സ്വർണം വാങ്ങണമെങ്കിൽ പണിക്കൂലി, ജിഎസ്ടി, ഹോൾമാർക്ക് ചാർജ് എന്നിവ ഉൾപ്പടെ ഏകദേശം 9,265 രൂപയോളം വിലവരും. പവന് 74,116 രൂപയോളവും നൽകേണ്ടിവരും. ഉയർന്ന പണിക്കൂലി വരുന്ന ആഭരണങ്ങൾക്ക് വില ഇതിലും കൂടും.