
പ്രതീക്ഷകളുടെ ഭാരവും പേറിയാണ് ഓരോ വട്ടവും സഞ്ജു സാംസണ്‍ ഇന്ത്യന്‍ ജേഴ്‌സിയില്‍ ക്രീസിലെത്തുക. കളിക്കുവാന്‍ അവസരം ലഭിക്കുന്നതു തന്നെ അപൂര്‍വം. എന്നാല്‍ കിട്ടുന്ന അവസരങ്ങളില്‍ ആരാധകര്‍ക്ക് ചില ചെറിയ പ്രതീക്ഷകള്‍ ബാക്കിവെയ്ക്കും സഞ്ജു. എന്നാല്‍ ശ്രീലങ്കയുമായുള്ള രണ്ടാം ടി20 മത്സരത്തില്‍ സഞ്ജുവിന് ഒന്നും ചെയ്യാനായില്ല. നിലയുറപ്പിക്കും മുന്‍പെ തന്നെ അകത്തേക്ക് കയറിവന്ന പന്ത് സഞ്ജുവിന്‍റെ കയ്യില്‍ നിന്നും കളി തട്ടിയെടുത്തു, ഗോള്‍ഡന്‍ ഡക്ക്!
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക ഇന്ത്യക്ക് മുന്നില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ മൂന്ന് പന്തുകള്‍ നേരിട്ടപ്പോഴേക്കും മഴ കളിയില്‍ ഇടപെട്ടു. ഇതോടെ ഓവര്‍ പുതുക്കി നിശ്ചയിക്കപ്പെട്ടു. എട്ട് ഓവറില്‍ 78 റണ്‍സാണ് ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. 6.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 81 റണ്‍സ് അടിച്ചെടുത്തു. യശസ്വി ജയ്‌സ്വാളിൻ്റേയും സൂര്യകുമാർ യാദവിൻ്റെയും ബാറ്റിംഗ് മികവില്‍ പരമ്പരയില്‍ 2-1 ന് മുന്നിലെത്തി. എന്നാല്‍, സഞ്ജുവിന് വേണ്ടി കളി കണ്ടവര്‍ക്ക് അവര്‍ ആഗ്രഹിച്ച മത്സരമായിരുന്നില്ല ഇത്.
വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനു പകരക്കാരനായാണ് സഞ്ജു ഇറങ്ങിയത്. ഗില്ലിനു കഴുത്തുളുക്കിയതിനെ തുടര്‍ന്നാണ് അവസരം സഞ്ജുവിനെ തേടിയെത്തിയത്. യശസ്വി ജയ്‌സ്വാളിനൊപ്പം ഓപ്പണിങ്ങില്‍ ഇറങ്ങിയ സഞ്ജു പക്ഷെ ആദ്യ പന്തില്‍ തന്നെ പുറത്താകുകയായിരുന്നു. ശ്രീലങ്കയ്ക്കു വേണ്ടി രണ്ടാം ഓവര്‍ എറിഞ്ഞ മഹീഷ് തീഷണയുടെ പന്ത് സഞ്ജുവിന്‍റെ പ്രതിരോധത്തെ മറികടന്ന് മിഡില്‍ സ്റ്റമ്പില്‍ കൊള്ളുകയായിരുന്നു. അതോടെ സഞ്ജുവിന് നഷ്ടമായത് തന്‍റെ സ്ഥാനം ഉറപ്പിക്കാനുള്ള സുവര്‍ണാവസരം കൂടിയാണ്.