മികച്ച ചിത്രമായി 'ദി ബ്രൂട്ടലിസ്റ്റ്'; നാല് ഗോൾഡൻ ഗ്ലോബ് അവാർഡുകൾ വാരിക്കൂട്ടി 'എമിലിയ പെരസ്'

'ദി ബ്രൂട്ടലിസ്റ്റി'ലെ അഭിനയത്തിന് അഡ്രിയൻ ബ്രോഡി മികച്ച നടനുള്ള പുരസ്‌കാരം നേടിയപ്പോൾ, 'ഐ ആം സ്റ്റിൽ ഹിയർ' എന്ന ചിത്രത്തിലെ അഭിനയത്തിന് ഫെർണാണ്ട ടോറസ് മികച്ച നടിയായി (ഡ്രാമ) തെരഞ്ഞെടുക്കപ്പെട്ടു
മികച്ച ചിത്രമായി 'ദി ബ്രൂട്ടലിസ്റ്റ്'; നാല് ഗോൾഡൻ ഗ്ലോബ് അവാർഡുകൾ വാരിക്കൂട്ടി 'എമിലിയ പെരസ്'
Published on


2025ലെ ഹോളിവുഡ് അവാർഡ് സീസൺ 82-ാമത് ഗോൾഡൻ ഗ്ലോബ് പതിപ്പോടെ ആരംഭിച്ചു. 'ദി ബ്രൂട്ടലിസ്റ്റ്' മികച്ച സംവിധായകൻ, മികച്ച നടൻ, മികച്ച ചലച്ചിത്രം (ഡ്രാമ) എന്നീ വിഭാഗങ്ങളിൽ പുരസ്കാരം നേടി.

ഈ ചിത്രത്തിലെ അഭിനയത്തിന് അഡ്രിയൻ ബ്രോഡി മികച്ച നടനുള്ള പുരസ്‌കാരം നേടിയപ്പോൾ, 'ഐ ആം സ്റ്റിൽ ഹിയർ' എന്ന ചിത്രത്തിലെ അഭിനയത്തിന് ഫെർണാണ്ട ടോറസ് മികച്ച നടിയായി (ഡ്രാമ) തെരഞ്ഞെടുക്കപ്പെട്ടു.

ഈ വർഷം 10 വിഭാഗങ്ങളിൽ നോമിനേഷനുകളുമായി മുന്നിലെത്തിയ ഫ്രഞ്ച് ചിത്രം 'എമിലിയ പെരസ്' നാല് ഗോൾഡൻ ഗ്ലോബ് അവാർഡുകൾ വാരിക്കൂട്ടി. മികച്ച ചലച്ചിത്രം (സംഗീതം/ ഹാസ്യം), മികച്ച ഇംഗ്ലീഷ് ഇതര ഭാഷാ ചിത്രം, മികച്ച ഒറിജിനൽ ഗാനം എന്നിവയ്ക്കുള്ള അവാർഡുകൾ ഇത് നേടി. എമിലിയ പെരസിലെ അഭിനേത്രി സോ സൽദാന മികച്ച സഹനടിക്കുള്ള ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം നേടി.

പായൽ കപാഡിയയുടെ 'ഓൾ വി ഇമാജിൻ ആസ് ലൈറ്റി'ന് രണ്ട് നോമിനേഷനുകൾ ലഭിച്ചെങ്കിലും അവാർഡൊന്നും നേടാനായില്ല. മികച്ച ഇംഗ്ലീഷ് ഇതര ഭാഷാ ചലച്ചിത്ര വിഭാഗത്തിൽ സ്പാനിഷ് ഡ്രാമയായ എമിലിയ പെരസിനോട് (ഫ്രഞ്ച് ചിത്രം) ഏറ്റുമുട്ടിയ ഇന്ത്യൻ ചിത്രം പിന്നോട്ടുപോയി. ഐ ആം സ്റ്റിൽ ഹിയർ, ദി ഗേൾ വിത്ത് ദി നീഡിൽ, ദി സീഡ് ഓഫ് ദി സേക്രഡ് ഫിഗ് , വെർമിഗ്ലിയോ എന്നിവയായിരുന്നു ഈ കാറ്റഗറിയിൽ മത്സരിച്ച മറ്റു ചിത്രങ്ങൾ.

മികച്ച സംവിധായികയ്ക്കുള്ള അവാർഡും പായൽ കപാഡിയയ്ക്ക് ലഭിക്കാത്തത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിരാശയായി. ജാക്വസ് ഓഡിയാർഡ് (എമിലിയ പെരസ്), സീൻ ബേക്കർ (അനോറ), എഡ്വേർഡ് ബെർഗർ (കോൺക്ലേവ്), ബ്രാഡി കോർബറ്റ് (ദി ബ്രൂട്ടലിസ്റ്റ്), കോറലി ഫാർഗെറ്റ് (ദി സബ്സ്റ്റൻസ്) എന്നിവരായിരുന്നു എതിരാളികൾ. ഒടുവിൽ 'ദി ബ്രൂട്ടലിസ്റ്റ്' എന്ന ചിത്രം ഒരുക്കിയ ബ്രാഡി കോർബറ്റ് മികച്ച സംവിയായകനായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ആനിമേഷൻ ചിത്രമായി 'ഫ്ലോ' തെരഞ്ഞെടുക്കപ്പെട്ടു.

ടെലിവിഷൻ വിഭാഗത്തിൽ നാല് അവാർഡുകളുമായി 'ഷോഗൺ' അമ്പരപ്പിക്കുന്ന മുന്നേറ്റം നടത്തി. മികച്ച പരമ്പര (ഡ്രാമ), മികച്ച നടി (ഡ്രാമ), മികച്ച നടൻ (ഡ്രാമ), മികച്ച സഹനടൻ എന്നീ വിഭാഗങ്ങളിൽ 'ഷോഗൺ' പുരസ്കാരം നേടി. ലോസ് ഏഞ്ചൽസിലെ ബെവർലി ഹിൽട്ടൺ ഹോട്ടലിൽ വെച്ചായിരുന്നു അവാർഡ് ദാന ചടങ്ങ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com