വഴി ചോദിച്ചത് ഡൽഹിയിൽ നിന്ന് നേപ്പാളിലേക്ക്; എത്തിച്ചത് യുപിയിലെ ബറേലിയിൽ; വിദേശ സഞ്ചാരികൾക്ക് പണി കൊടുത്ത് ഗൂഗിൾ മാപ്പ്

രാത്രി 11 മണിയോടെ വിജനമായ റോഡിലൂടെ സൈക്കിളിൽ കറങ്ങിനടക്കുന്ന വിദേശികളെ കണ്ട ഗ്രാമവാസികൾ അവരോട് സംസാരിക്കാൻ ഭാഷ പ്രശ്നമായതോടെ പൊലീസിനെ സമീപിക്കുകയായിരുന്നു.
വഴി  ചോദിച്ചത്  ഡൽഹിയിൽ നിന്ന് നേപ്പാളിലേക്ക്; എത്തിച്ചത് യുപിയിലെ ബറേലിയിൽ; വിദേശ സഞ്ചാരികൾക്ക് പണി കൊടുത്ത് ഗൂഗിൾ മാപ്പ്
Published on

യാത്ര പോകാൻ ഇപ്പോൾ വഴി അറിയില്ലെങ്കിലും ഗൂഗിൾ മാപ്പുണ്ടല്ലോ എന്നാണ് ഭൂരിഭാഗം പേരുടേയും ആശ്വാസം. എന്നാൽ ഗൂഗിൾ മാപ്പിനെ അങ്ങനങ്ങ് വിശ്വസിക്കേണ്ടതില്ല എന്ന് തെളിയിക്കുന്ന വാർത്തകളും നിരവധിയാണ്. അത്തരത്തിൽ ഗൂഗിൾ മാപ്പ് ചതിച്ച രണ്ട് ഫ്രഞ്ച് പൗരൻമാരുടെ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്.

ഡൽഹിയിൽ നിന്ന് നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിലേക്ക് യാത്ര തിരിച്ച രണ്ട് ഫ്രഞ്ച് വിനോദസഞ്ചാരികളെയാണ് ഗൂഗിൾ മാപ്പ് വെട്ടിലാക്കിയത്. നേപ്പാളിലെത്തിയില്ലെന്നു മാത്രമല്ല, ഉത്തർപ്രദേശിലെ ബറേലിയിൽ കുടുങ്ങപ്പോകുകയായിരുന്നു സഞ്ചാരികൾ. ബ്രയാൻ ജാക്വസ് ഗിൽബെർട്ട്, സെബാസ്റ്റ്യൻ ഫ്രാങ്കോയിസ് ഗബ്രിയേൽ എന്നീ ഫ്രഞ്ച് പൗരന്മാരാണ് വഴിതെറ്റി വെട്ടിലായത്.

ഗൂഗിൾ മാപ്പ് നിർദേശിച്ച ഒരു കുറുക്കുവഴിയിലൂടെയാണ് ഇവർ സഞ്ചരിച്ചത് ഒടുവിൽ ബറേലിയിലെ ചുറൈലി ഡാം ഏരിയയിൽ ഇവർ കുടുങ്ങി പോവുകയായിരുന്നു.രാത്രി 11 മണിയോടെ വിജനമായ റോഡിലൂടെ സൈക്കിളിൽ കറങ്ങിനടക്കുന്ന വിദേശികളെ കണ്ട ഗ്രാമവാസികൾ അവരോട് സംസാരിക്കാൻ ഭാഷ പ്രശ്നമായതോടെ പൊലീസിനെ സമീപിക്കുകയായിരുന്നു.

പിലിഭിത്തിൽ നിന്ന് തനക്പൂർ വഴി നേപ്പാളിലെ കാഠ്മണ്ഡുവിലേക്ക് പോകാനായിരുന്നു ഇവർ ഉദ്ദേശിച്ചിരുന്നത്. ഇതിനായി ഗൂഗിൾ മാപ്പിന്റെ സഹായം തേടി. പിന്നെ കാര്യങ്ങൾ തകിടം മറിഞ്ഞു. ഏറെ ദൂരം പോയതിനുശേഷമാണ് ഇവർ വഴി തെറ്റിയതായി മനസിലാക്കിയത്. ബറേലിയിലെ ബഹേരി വഴി ആപ്പ് ഒരു കുറുക്കുവഴി കാണിച്ചുകൊടുത്തു. എന്നാൽ വഴിതെറ്റി അവർ എത്തിയത് ചുറൈലി അണക്കെട്ടിലും.


ജനുവരി ഏഴിനാണ് ഇവർ ഫ്രാൻസിൽ നിന്ന് വിമാനത്തിൽ ഡൽഹിയിൽ എത്തിയതെന്ന് ബഹേരി സർക്കിൾ ഓഫീസർ അരുൺ കുമാർ സിംഗ് പറഞ്ഞു. സീനിയർ പോലീസ് സൂപ്രണ്ട് അനുരാഗ് ആര്യ വിഷയത്തിൽ ഇടപെടുകയും ഫ്രഞ്ച് പൗരന്മാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ പോലീസിന് നിർദ്ദേശം നൽകുകയും ചെയ്തു.വാർത്താ ഏജൻസിയായ പിടിഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.




Related Stories

No stories found.
News Malayalam 24x7
newsmalayalam.com