ഗോപൻ സ്വാമിയുടെ 'സമാധി': കല്ലറ പൊളിക്കലുമായി പൊലീസ് മുന്നോട്ട്, കുടുംബം കോടതിയെ സമീപിക്കും

നിയമപരമായ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തിയെങ്കിലും പൊളിക്കാൻ അനുവദിക്കില്ലെന്ന നിലപാട് മക്കൾ ആവർത്തിച്ചെന്ന് സബ് കളക്ടർ അറിയിച്ചു
ഗോപൻ സ്വാമിയുടെ 'സമാധി': കല്ലറ പൊളിക്കലുമായി പൊലീസ് മുന്നോട്ട്, കുടുംബം കോടതിയെ സമീപിക്കും
Published on
Updated on


തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ സമാധിയായെന്ന് കുടുംബം അവകാശപ്പെടുന്ന ഗോപൻ സ്വാമിയുടെ കല്ലറ പൊളിക്കുന്ന നടപടിയുമായി പൊലീസ് മുന്നോട്ട്. അതേസമയം കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങാനാണ് കുടുംബത്തിൻ്റെ തീരുമാനം. സ്ഥലത്തെ പ്രതിഷേധം കണക്കിലെടുത്ത് പൊളിക്കൽ നടപടികൾ ഇന്നത്തേക്ക് നിർത്തിയെങ്കിലും തിയതി നാളെ തീരുമാനിക്കും.

കഴിഞ്ഞ ബുധനാഴ്ചയാണ് ഗോപൻ സ്വാമി സമാധിയായതായി കുടുംബം പറയുന്നത്. ദുരൂഹതയുണ്ടെന്ന പരാതിക്ക് പിന്നാലെ കല്ലറ പൊളിച്ച് പരിശോധിക്കാൻ ഇന്ന് രാവിലെ ജില്ലാ കളക്ടർ ഉത്തരവിട്ടു. സന്നാഹങ്ങളുമായി പൊലീസും ജില്ലാ ഭരണകൂടവും സ്ഥലത്തെത്തി. നടപടി തുടങ്ങിയതിന് പിന്നാലെ, കല്ലറയ്ക്ക് സമീപത്ത് നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. നാട്ടുകാർ ചേരി തിരിഞ്ഞതോടെ വാക്കേറ്റവും തുടർന്ന് കയ്യേറ്റവുമുണ്ടായി.

സ്ഥിതി വിഷളായതോടെ നടപടി നിർത്തിവെച്ച് കുടുംബത്തെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചെന്ന് സബ് കളക്ടർ ഒ.വി. ആൽഫ്രഡ്‌ മാധ്യമങ്ങളോട് പറഞ്ഞു. നിയമപരമായ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തിയെങ്കിലും പൊളിക്കാൻ അനുവദിക്കില്ലെന്ന നിലപാട് മക്കൾ ആവർത്തിച്ചതായും സബ് കളക്ടർ അറിയിച്ചു. കല്ലറ പൊളിക്കുന്ന ദിവസത്തെ പ്രതിഷേധ സാധ്യത മുന്നിൽക്കണ്ട് മുൻകരുതലോടെയാണ് ജില്ലാ ഭരണകൂടത്തിൻ്റെയും പൊലീസിൻ്റെയും നീക്കം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com