ഗോത്ര ബന്ധു നിയമന വിജ്ഞാപനം പിന്‍വലിച്ചു; പ്രതിഷേധവുമായി ഉദ്യോഗാർഥികൾ

ഗോത്ര ബന്ധു നിയമന വിജ്ഞാപനം പിന്‍വലിച്ചു; പ്രതിഷേധവുമായി ഉദ്യോഗാർഥികൾ

വയനാട് ജില്ലയിലെ അടിയ, പണിയ, കാട്ടുനായ്ക്ക, ഊരാളി വിഭാഗങ്ങളിൽനിന്നുള്ള കുട്ടികളുടെ ഭാഷാപ്രശ്‌നം പരിഹരിക്കാനും, വിദ്യാലയങ്ങള്‍ സൗഹാർദപരമാക്കി കൊഴിഞ്ഞുപോക്ക് തടയുന്നതിനും 2017ലാണ് പട്ടികവർഗ വികസന വകുപ്പ് മുഖേന ഗോത്രബന്ധു പദ്ധതിയിൽ അധ്യാപക നിയമനം നടത്തിയത്
Published on

സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളില്‍ ഗോത്രബന്ധു പദ്ധതിയില്‍ അധ്യാപക നിയമനത്തിനുള്ള വിജ്ഞാപനം പിന്‍വലിച്ചത് വിവാദമാവുന്നു. അടിയ, പണിയ, കാട്ടുനായ്ക്ക വിഭാഗങ്ങളിലെ ടി ടിസി, ഡിഎഡ്, ഡിഎല്‍എഡ് യോഗ്യതയുള്ളവരില്‍ നിന്നും ക്ഷണിച്ച അപേക്ഷയാണ് പിൻവലിച്ചത്.


വയനാട് ജില്ലയിലെ അടിയ, പണിയ, കാട്ടുനായ്ക്ക, ഊരാളി വിഭാഗങ്ങളിൽനിന്നുള്ള കുട്ടികളുടെ ഭാഷാപ്രശ്‌നം പരിഹരിക്കാനും, വിദ്യാലയങ്ങള്‍ സൗഹാർദപരമാക്കി കൊഴിഞ്ഞുപോക്ക് തടയുന്നതിനും 2017ലാണ് പട്ടികവർഗ വികസന വകുപ്പ് മുഖേന ഗോത്രബന്ധു പദ്ധതിയിൽ അധ്യാപക നിയമനം നടത്തിയത്. കരാർ വ്യവസ്ഥയിൽ അഞ്ച് വർഷത്തേക്കായിരുന്നു നിയമനം. 240 ഓളം പേരാണ് ഗോത്രബന്ധു അധ്യാപക തസ്തികയിൽ നിലവിൽ ജോലി ചെയ്യുന്നത്. ഗോത്ര ബന്ധു പദ്ധതിയിൽ നിലവിൽ അധ്യാപകരായി ജോലി ചെയ്യുന്ന പണിയ, അടിയ, കാട്ടുനായ്ക്ക ഇതര വിഭാഗങ്ങളിലുള്ളവരെ സംരക്ഷിക്കുന്നതിനാണ് വിജ്ഞാപനം പിൻവലിച്ചതെന്ന് ഉദ്യോഗാർഥികൾ ആരോപിച്ചു. വിജ്ഞാപനം പുനഃസ്ഥാപിക്കണമെന്നും ഉദ്യോഗാർഥികൾ ആവശ്യപ്പെടുന്നു.

ഓഗസ്റ്റ് ഏഴിലെ വിജ്ഞാപനം വാട്‌സപ്പ് ഗ്രൂപ്പുകളിൽ പ്രചരിച്ചതിനെത്തുടർന്ന് നിരവധി ഉദ്യോഗാർഥികൾ അപേക്ഷാ ഫോമിന് പട്ടികവർഗ വികസന വകുപ്പിന്‍റെ താലൂക്ക് ഓഫീസുകളിൽ എത്തിയിരുന്നു. എന്നാൽ വിജ്ഞാപനം നിലവിൽ ഇല്ലെന്ന മറുപടിയാണ് ഇവർക്ക് ലഭിച്ചത്.

News Malayalam 24x7
newsmalayalam.com