വന്യമൃഗ ശല്യം രൂക്ഷം: പ്രശ്നപരിഹാരത്തിനായി വയനാടിന് 50 ലക്ഷം രൂപ അനുവദിച്ച് സർക്കാർ

വയനാട്ടിൽ വന്യമൃഗ ശല്യം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് പ്രശ്നപരിഹാരത്തിനായി സർക്കാർ തുക അനുവദിച്ചത്
വന്യമൃഗ ശല്യം രൂക്ഷം: പ്രശ്നപരിഹാരത്തിനായി വയനാടിന് 50 ലക്ഷം രൂപ അനുവദിച്ച് സർക്കാർ
Published on

വയനാട്ടിലെ വന്യമൃഗ ആക്രമണ പരിഹാരത്തിന് സർക്കാർ അടിയന്തര സഹായം അനുവദിച്ചു. കളക്ടറുടെ റിപ്പോർട്ട് പരിഗണിച്ചാണ് സർക്കാർ ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് 50 ലക്ഷം രൂപ അനുവദിച്ചത്. വയനാട്ടിൽ വന്യമൃഗ ശല്യം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് പ്രശ്നപരിഹാരത്തിനായി സർക്കാർ തുക അനുവദിച്ചത്.


ഏറെ നാളുകൾക്ക് ശേഷമാണ് കേരളത്തിൽ വീണ്ടും കടുവ ആക്രമണം റിപ്പോർട്ട് ചെയ്തത്. ജനുവരി 24നാണ് മാനന്തവാടിയിൽ കടുവ ആക്രമണത്തിൽ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടത്. പഞ്ചാരക്കൊല്ലി സ്വദേശിനിയായിരുന്ന രാധയാണ് മരിച്ചത്. തോട്ടത്തിൽ കാപ്പി പറിക്കാൻ പോയപ്പോഴാണ് ആക്രമണമുണ്ടായത്. എന്നാൽ കുറച്ചു ദിവസങ്ങൾക്ക് ശേഷം നരഭോജി കടുവയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു.


കഴിഞ്ഞ ദിവസം വയനാട്ടിൽ കാട്ടാന ആക്രമണത്തെ തുടർന്ന് ഒരാൾ കൊല്ലപ്പെട്ടിരുന്നു. കടയിൽ പോയി സാധനങ്ങൾ വാങ്ങി തിരികെ വരുന്ന വഴി നൂൽപ്പുഴ കാപ്പാട് ഉന്നതിയിലെ മാനുവിനെ കാട്ടാന ആക്രമിക്കുകയായിരുന്നു.ഇതിനു പിന്നാലെ പ്ലാന്റേഷനില്‍ പോകുകയായിരുന്ന വെള്ളരിമല വില്ലേജിലെ അട്ടമല ഭാഗത്തെ യുവാവും കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. എറാട്ട് കുണ്ട് ഉന്നതിയില്‍ കറുപ്പന്റെ മകന്‍ ബാലന്‍ (26) ആണ് മരിച്ചത്. നിരന്തരം കാട്ടാനയുടെ ശല്യമുള്ള പ്രദേശമാണിത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്ത് കാട്ടാനയാക്രമണത്തില്‍ നാലാമത്തെ മരണമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട ബാലൻ്റെ കുടുംബത്തിനായി 5ലക്ഷം രൂപ സാമ്പത്തികസഹായം ഡിഎഫ്ഒ അജിത് കെ. രാമൻ കൈമാറി. വന്യജീവി സംഘർഷത്തെ നേരിടാൻ വനംവകുപ്പ് 10മിഷനുകൾ രൂപീകരിച്ചിട്ടുണ്ട്. കാടുപിടിച്ചു കിടക്കുന്ന എസ്റ്റേറ്റുകൾ വൃത്തിയാക്കണമെന്ന് ഉടമകൾക്ക് നോട്ടീസ് നൽകുമെന്നും, ജനവാസ മേഖലകളിൽ വന്യമൃഗ സാന്നിധ്യം നിരീക്ഷിക്കുന്നതിന് ടൈം മോണിറ്ററിംഗ് സംവിധാനം രൂപീകരിക്കുമെന്നും വനംവകുപ്പ് അറിയിച്ചു. വന്യജീവി ആക്രമണങ്ങളിൽ അതിവേഗ ഇടപെടലിന് സന്നദ്ധ പ്രതികരണ സേന രൂപീകരിക്കുമെന്നും അറിയിപ്പിൽ പറയുന്നു. ഗോത്ര സമൂഹങ്ങളിൽനിന്ന് പരമ്പരാഗത അറിവുകൾ ശേഖരിക്കാൻ മിഷൻ ട്രൈബൽ നോളജ് സ്ഥാപിക്കുമെന്നും വനംവകുപ്പ് അറിയിച്ചു.  

തുടർച്ചായുണ്ടാകുന്ന വന്യജീവി ആക്രമണം ജനങ്ങൾക്കിടയിൽ കടുത്ത പ്രതിഷേധങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. വന്യജീവി ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ വയനാട് ജില്ലയിൽ നാളെ യുഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. അവശ്യ സർവീസുകളെയും, പരീക്ഷ, വിവാഹം, പള്ളിക്കുന്ന് തിരുനാൾ എന്നീ ആവശ്യങ്ങൾക്കുള്ള യാത്രകളെയും ഹർത്താലിൽ നിന്ന് ഒഴിവാക്കിയതായി നേതാക്കൾ അറിയിച്ചു.


ദിവസേന എന്നോണം ജില്ലയിൽ ആക്രമണത്തിൽ മനുഷ്യജീവനുകൾ നഷ്ടപ്പെട്ടിട്ടും യാതൊരുവിധ നടപടിയും സ്വീകരിക്കാത്ത സർക്കാർ നിലപാട് പ്രതിഷേധിച്ചുകൊണ്ടാണ് ഹർത്താൽ നടത്തുന്നതെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ കെ. കെ. അഹമ്മദ് ഹാജിയും കൺവീനർ പി. ടി. ഗോപാലക്കുറുപ്പും അറിയിച്ചു. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com