
സംസ്ഥാനത്തെ റേഷൻ വ്യാപാരികളുടെ ഭക്ഷ്യക്കിറ്റ് കമ്മീഷൻ തുക സർക്കാർ അനുവദിച്ചു. കോടതിയിൽ പോയ ഒൻപതിനായിരത്തോളം റേഷൻ വ്യാപാരികൾക്കാണ് പകുതി തുക ലഭിക്കുക. വിവേചനമില്ലാതെ മുഴുവൻ പേർക്കും കിറ്റ് കമ്മീഷൻ നൽകണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു. നിലവിലെ ഉത്തരവുപ്രകാരം നാലായിരത്തോളം വ്യാപാരികൾക്ക് കമ്മീഷൻ ലഭിക്കില്ല.
കോവിഡ് കാലത്ത് സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ചെയ്തതിലെ കമ്മീഷൻ ലഭ്യമാക്കണമെന്നത് റേഷൻ വ്യാപാരികൾ വർഷങ്ങളായി ഉന്നയിക്കുന്ന ആവശ്യമാണ്. കുറച്ച് വ്യാപാരികൾ കോടതിയിൽ പോയി കമ്മീഷൻ വാങ്ങിയിരുന്നു. ഇതിന് പിന്നാലെ ഒമ്പതിനായിരത്തോളം റേഷൻ വ്യാപാരികൾ ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചു. ഇവർക്കാണ് ഇപ്പോൾ കമ്മീഷൻ നൽകാൻ സർക്കാർ ഉത്തരവ് ഇറക്കിയിരിക്കുന്നത്. ഇതിനായി 17 കോടിയിലധികം രൂപ അനുവദിച്ചിട്ടുണ്ട്.
കേസ് നൽകിയ മുഴുവൻ വ്യാപാരികൾക്കും തുക പൂർണമായി കൊടുക്കണമെന്നായിരുന്നു കോടതി നിർദേശം. നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ മുഴുവൻ തുകയും നൽകാൻ കഴിയില്ലെന്നാണ് സർക്കാർ വ്യക്തമാക്കി. ഗഡുക്കളായി നൽകാമെന്ന തീരുമാനത്തിൻ്റെ അടിസ്ഥാനത്തിലാണ് പകുതി തുക അനുവദിച്ചത്. മുഴുവൻ തുകയും നൽകണമെങ്കിൽ 50 കോടി രൂപയെങ്കിലും ആവശ്യമാണ്. കാലതാമസമില്ലാതെ മുഴുവൻ തുകയും എത്രയും വേഗം അനുവദിക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു. കോടതിയെ സമീപിച്ചവർക്ക് മാത്രം തുക നൽകാനുള്ള സർക്കാർ തീരുമാനത്തിനെതിരെ ഒരു വിഭാഗം രംഗത്ത് വന്നിട്ടുണ്ട്.