സർക്കാരിനും മന്ത്രിമാർക്കും പ്രതികളെ ഭയം; ടി.പി വധക്കേസിൽ പ്രതികൾക്ക് ഇളവ് നൽകാനുള്ള നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം

ഹൈക്കോടതി വിധിയെ കാറ്റിൽ പറത്തിക്കൊണ്ടുള്ള നീക്കമാണ് സർക്കാർ ഇപ്പോൾ നടത്തുന്ന നീക്കം എന്നും വിഡി സതീശൻ
സർക്കാരിനും മന്ത്രിമാർക്കും പ്രതികളെ ഭയം; ടി.പി വധക്കേസിൽ പ്രതികൾക്ക് ഇളവ് നൽകാനുള്ള നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം
Published on

ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ ഇളവ് നൽകാനുള്ള സർക്കാർ ഉത്തരവിന് പിന്നാലെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം രംഗത്ത്. മറുപടി പറയേണ്ടത് സ്പീക്കറല്ല, മറിച്ച് മുഖ്യമന്ത്രിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. 20 വർഷത്തേക്ക് ശിക്ഷ ഇളവ് നൽകരുതെന്ന് ഹൈക്കോടതി വിധിയുണ്ട്, ആ വിധിയെ കാറ്റിൽ പറത്തിക്കൊണ്ടുള്ള നീക്കമാണ് സർക്കാർ ഇപ്പോൾ നടത്തുന്നത്. പ്രതികളെ സിപിഎമ്മിന് ഭയമാണ്. ഇവർക്ക് ജയിലിൽ ഫൈവ് സ്റ്റാർ സൗകര്യമാണ് ലഭിക്കുന്നത് . പരോളിൽ ഇറങ്ങിയ പ്രതികള്‍ പുറത്തും കുറ്റകൃത്യം ചെയ്യുകയാണെന്നും ഇളവ് നൽകാൻ മുതിർന്നാൽ ശക്തമായ പ്രക്ഷോഭങ്ങളുമായി പ്രതിപക്ഷം മുന്നോട്ട് പോകുമെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.

വിഷയത്തിൽ കെ.കെ രമയും സർക്കാരിനെ രൂക്ഷമായി വിമർശിച്ചു. പെരുമാറ്റച്ചട്ടം നിലവിലുള്ളപ്പോൾ തന്നെ കത്ത് കൊടുത്തതിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നും, സർക്കാർ പ്രതികളോടൊപ്പം എന്ന് ഓർമ്മപ്പെടുത്തുകയാണ് എന്നും കെ.കെ രമ ആരോപിച്ചു. ടി.പി കേസ് പ്രതികൾക്കല്ലാതെ മറ്റാർക്കെങ്കിലും ജയിലിൽ ഈ ആനുകൂല്യങ്ങൾ ലഭിക്കുമോയെന്ന് രമ ചോദിച്ചു. പ്രതികളുടെ കൂടെയുണ്ടെന്ന് ഓർമ്മിപ്പിക്കുകയാണ് സിപിഎം എന്നും ഇവരെ പുറത്ത് വിടുകയാണ് സർക്കാരിൻറെ ലക്ഷ്യമെന്നും രമ കുറ്റപ്പെടുത്തി.

ശിക്ഷാ ഇളവ് നൽകാൻ പ്രതികളുടെ റിപ്പോർട്ട് ആവശ്യപ്പെട്ടുകൊണ്ടുള്ള കണ്ണൂർ ജയിൽ സൂപ്രണ്ടിൻ്റെ കത്ത്, സിറ്റി പൊലീസ് കമ്മീഷണർക്ക് ലഭിച്ചതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com