ലൈംഗികാരോപണം: മുകേഷിനെതിരെ സര്‍ക്കാര്‍; മുൻകൂർ ജാമ്യത്തിനെതിരെ അപ്പീൽ നൽകും

ബലാത്സംഗ കേസിൽ പൊലീസ് നടപടികളിൽ നിന്ന് എം. മുകേഷ് എംഎൽഎയെ സംരക്ഷിക്കേണ്ടതില്ലെന്നാണ് സർക്കാരിന്റെ തീരുമാനം.
ലൈംഗികാരോപണം: മുകേഷിനെതിരെ സര്‍ക്കാര്‍; മുൻകൂർ ജാമ്യത്തിനെതിരെ അപ്പീൽ നൽകും
Published on

ലൈംഗിക ആരോപണ കേസിൽ മുകേഷിന് മുൻകൂർ ജാമ്യം നൽകിയ സെഷൻസ് കോടതി ഉത്തരവിനെതിരെ സർക്കാർ അപ്പീൽ നൽകും. ഹൈക്കോടതിയിലാണ് അപ്പീൽ നൽകുക. ബലാത്സംഗ കേസിൽ പൊലീസ് നടപടികളിൽ നിന്ന് എം. മുകേഷ് എംഎൽഎയെ സംരക്ഷിക്കേണ്ടതില്ലെന്നാണ് സർക്കാരിന്റെ തീരുമാനം. ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിൽ എറണാകുളം മരട് പൊലീസ് മുകേഷിനെതിരെ ബലാത്സംഗ കുറ്റം ചുമത്തിയാണ് കേസെടുത്തത്.

എം. മുകേഷ് , ഇടവേള ബാബു എന്നിവർ നൽകിയ മുൻകൂർ ജാമ്യപേക്ഷയിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം വർഗീസ് രഹസ്യവാദം നടത്തിയാണ് കഴിഞ്ഞ ചൊവ്വാഴ്ച മുൻ‌കൂർ ജാമ്യം നൽകിയത്. ഈ വിധിക്കെതിരെയാണ് സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകുന്നത്.


2011ൽ ഒരു സിനിമയിൽ ഒരുമിച്ച് പ്രവർത്തിക്കുന്നതിനിടെ മുകേഷ് തന്നെ പീഡിപ്പിച്ചെന്നാണ് നടിയുടെ പരാതി. എന്നാൽ, പരാതി കെട്ടിച്ചമച്ചതാണെന്നും തൻറെ രാഷ്ട്രീയ അഭിനയ ഭാവി തകർക്കാനുള്ള ഗൂഢാലോചന ആണെന്നും മുകേഷ് കോടതിയെ അറിയിച്ചിരുന്നു. പരാതിക്കാരി തന്നെ ബ്ലാക്ക് മെയിൽ ചെയ്തതിന് തെളിവുണ്ടെന്നും മുകേഷ് വാദിച്ചിരുന്നു. ലൈംഗികാതിക്രമ കേസിൽ എം. മുകേഷ് എംഎൽഎയ്ക്കും ഇടവേള ബാബുവിനും മുൻകൂർ ജാമ്യം ലഭിച്ചെങ്കിലും പ്രത്യേക അന്വേഷണ സംഘം നിയമനടപടി തുടരുമെന്ന് അറിയിച്ചിരുന്നു. 


കേസിന്റെ വിചാരണ വേളയിൽ കണ്ടെത്തേണ്ട കാര്യങ്ങൾ സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷയിലെ ഉത്തരവിൽ പരാമർശിച്ചു എന്നതാണ് പ്രോസിക്യൂഷന്റെ വാദം. അതിനാൽ സെഷൻസ് കോടതി ഉത്തരവ് റദ്ദാക്കണമെന്നും ഹൈക്കോടതിയിൽ പ്രോസിക്യൂഷൻ ആവശ്യപ്പെടും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com