
ആശാ വർക്കേഴ്സ് അസോസിയേഷൻ സമരത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ യൂ ടേൺ. സംസ്ഥാന സർക്കാരിനും ആരോഗ്യമന്ത്രിക്കും കേന്ദ്രമന്ത്രി പിന്തുണ നൽകി. സർക്കാരിന് എടുത്തുചാടി ഒന്നും ചെയ്യാൻ കഴിയില്ല, വീണാ ജോർജിനെ കുറ്റം പറയാനാകില്ലെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചു.
"എടുത്തുചാടി സംസ്ഥാന സർക്കാരിന് ഒരു തീരുമാനമെടുക്കാൻ കഴിയില്ല. അതാണ് താൻ നേരത്തെ തന്നെ പറഞ്ഞത്. പക്ഷേ അത് ദുർവാഖ്യാനം ചെയ്തു. വിഷയത്തിന്റെ ഗൗരവം ചോർന്ന് പോകും. മൂല്യം തകർക്കാൻ മാധ്യമങ്ങൾ കത്രിക വച്ചു. ബിഎംഎസിന്റെ യൂണിറ്റ് രൂപീകരിച്ചതിനെക്കുറിച്ചുള്ള കാര്യത്തെ കുറിച്ച് ഞാൻ ചിന്തിക്കുന്നില്ല. താൻ തന്റെ പക്ഷമാണ് നോക്കുന്നത്, മറ്റുള്ളവരുടെ വാഖ്യാനം നോക്കാറില്ല. ആശാ വർക്കർമാരെ കണ്ടത് ആത്മാർത്ഥതയോടെ, ആത്മാർത്ഥത അവസാനം വരെ ഉണ്ടാകും. ആശാ വർക്കർമാരുടെ സമരത്തിൽ കരകയറ്റം ഉണ്ടാകട്ടെ.
പറയാനുള്ളത് ജെ.പി. നദ്ദ പാർലമെൻറിൽ പറഞ്ഞിട്ടുണ്ട്. ആ പറഞ്ഞത് തന്നെയാണ് പറയാനുള്ളത്. ആശാ വർക്കർമാരുടെ സമരം പരിഹരിക്കലല്ല, അവരുടെ ജീവിതം നേരെയാവുകയാണ് വേണ്ടത്. ഇന്നത്തെ സന്നിദ്ധാവസ്ഥയാണ് പരിഹരിക്കപ്പെടുന്നത്. വ്യാഖ്യാനങ്ങൾ അല്ല, ഒരു സത്യമുണ്ട്, സത്യം തന്റെ ദൈവങ്ങൾക്കറിയാം," സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചു.
ഫിനാൻഷ്യൽ ഫെഡറലിസത്തെ തകർക്കുന്ന നടപടി കേന്ദ്രത്തിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നുവെന്ന് വീണ ജോർജ് നേരത്തെ പ്രതികരിച്ചിരുന്നു. കേരളത്തിന് അർഹമായ തുക അനുവദിക്കണമെന്ന് ആവശ്യപെട്ടിരുന്നു. ആശമാരുടെ സമരം നിരാഹാര സമരത്തിലേക്ക് പോകരുതെന്ന് ആവശ്യപ്പെട്ടിരുന്നു. ഓണറേറിയം വർധിപ്പിക്കണമെന്ന് തന്നെയാണ് നിലപാട്. ഇൻഷുറൻസ് സ്കീമിൽ മുഴുവൻ ആശമാരെയും ഉൾപ്പെടുത്തിയിട്ടില്ലെന്നും വീണാ ജോർജ് പ്രതികരിച്ചു.
അതേസമയം, സെക്രട്ടേറിയറ്റിന് മുന്നിലെ സമരം ശക്തമാക്കാൻ ഒരുങ്ങുകയാണ് ആശാ വർക്കേഴ്സ് അസോസിയേഷൻ. നിരാഹാരം ഇരിക്കുന്നവർക്ക് പിന്തുണയുമായി തിങ്കളാഴ്ച കൂട്ട ഉപവാസം നടത്തും.