
തിരുവനന്തപുരത്ത് റെയില്‍വേ കരാര്‍ ജീവനക്കാരനായ ജോയിയുടെ മരണത്തിന് കാരണമായ മാലിന്യം നിറഞ്ഞ ആമയിഴഞ്ചാന്‍ തോടും മറ്റു ചെറുതോടുകളും പൂര്‍ണമായും ശുചീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ ആയി ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
ആമയിഴഞ്ചാന്‍ തോട് ശുചീകരണത്തിനായി ഒരു സ്ഥിരം സമിതിയെ ഉണ്ടാക്കാനും യോഗത്തിൽ തീരുമാനമായി. നഗരസഭ, റെയില്‍വേ, ഇറിഗേഷന്‍ വകുപ്പ് പ്രതിനിധികളായിരിക്കും സമിതിയിലെ അംഗങ്ങള്‍. ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതല സബ് കളക്ടര്‍ക്കായിരിക്കും.
അതേസമയം മാലിന്യം നീക്കം ചെയ്യുന്നതിന് റെയില്‍വേ സര്‍ക്കാരിനോട് സഹായം അഭ്യര്‍ഥിച്ചു. ബണ്ട് കെട്ടി വെള്ളം വറ്റിച്ച് നല്‍കാന്‍ റെയില്‍വേ തയ്യാറാണ്. എന്നാല്‍ കനാലിലെ റെയില്‍വേയുടെ ഭാഗത്തെ മാലിന്യം നീക്കം ചെയ്യുന്ന നടപടി ഇറിഗേഷന്‍ വകുപ്പ് ഏറ്റെടുക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
മാലിന്യ നീക്കം ഇറിഗേഷന്‍ വകുപ്പുമായി ചേര്‍ന്ന് നടത്താനാണ് ആലോചിക്കുന്നത്. ചീഫ് സെക്രട്ടറി യോഗം വിളിച്ച് ചേര്‍ത്ത ശേഷമായിരിക്കും അന്തിമ തീരുമാനമെടുക്കുക.