IMPACT | മാനന്തവാടി തവിഞ്ഞാൽ ഭൂമി കയ്യേറ്റത്തിൽ സർക്കാർ ഇടപെടൽ; ആദിവാസി ഭൂമി 60 പേർ കയ്യേറിയെന്ന് സ്ഥിരീകരണം

കയ്യേറ്റം നടന്നതായി സ്ഥിരീകരിച്ച അധികൃതർ, കൈവശരേഖ കിട്ടിയ മുഴുവൻ പേരുടെയും ഹിയറിങ് നടത്താനും തീരുമാനിച്ചു.
IMPACT | മാനന്തവാടി തവിഞ്ഞാൽ ഭൂമി കയ്യേറ്റത്തിൽ സർക്കാർ ഇടപെടൽ; ആദിവാസി ഭൂമി 60 പേർ കയ്യേറിയെന്ന് സ്ഥിരീകരണം
Published on

വയനാട് മാനന്തവാടി തവിഞ്ഞാലിൽ ആദിവാസികളുടെ ഭൂമി കയ്യേറ്റത്തിൽ ഇടപെട്ട് സർക്കാർ. മുത്തങ്ങ സമരത്തിലൂടെ ആദിവാസി കുടുംബങ്ങൾക്ക് ലഭിച്ച ഭൂമി നഷ്ടപ്പെട്ടതിലാണ് നടപടിക്ക് ഒരുങ്ങുന്നത്. കയ്യേറ്റം നടന്നതായി സ്ഥിരീകരിച്ച അധികൃതർ, കൈവശരേഖ കിട്ടിയ മുഴുവൻ പേരുടെയും ഹിയറിങ് നടത്താനും തീരുമാനിച്ചു.

വയനാട് തവിഞ്ഞാലിലെ ആദിവാസി ഭൂമികയ്യേറ്റത്തിന്റെ വാർത്ത ന്യൂസ് മലയാളം പുറത്തുവിട്ടിരുന്നു. പിന്നാലെ കയ്യേറ്റ വിഷയത്തിൽ ഇടപെട്ട സർക്കാർ കൈവശ രേഖയുള്ള 0 പേരുടെ ഹിയറിങ് നടത്താൻ തീരുമാനിച്ചു. തുടർന്ന് കയ്യേറിയ ഭൂമി കണ്ടെത്തി ഭൂമി ഇല്ലാത്തവർക്ക് നൽകും. മിച്ചം വരുന്നത് നിലവിൽ പ്രദേശത്ത് താമസിക്കുന്നവർക്ക്‌ വീതിച്ചു നൽകാനും തീരുമാനമായി. ഇനി ഭൂമി കയ്യേറാൻ ആരെയും അനുവദിക്കില്ലെന്നും, ഭൂമി ഒരുമിച്ച് വേണമെന്ന ആവശ്യം കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും തഹസീൽദാർ പറഞ്ഞു.


നിലവിൽ കയ്യേറ്റ ഭൂമിയിൽ ഡിജിറ്റൽ സർവ്വേ നടക്കുന്നുണ്ട്. ഇതും ഉടൻ പൂർത്തിയാക്കുമെന്ന് അധികൃതർ അറിയിച്ചു. അതേസമയം നഷ്ടപ്പെട്ട 60 ഏക്കർ ഭൂമി തിരിച്ചു ലഭിക്കണമെന്നും അവിടെ അടിസ്ഥാന സൗകര്യം ഒരുക്കണമെന്നും ഭൂമി നഷ്ടപ്പെട്ടവർ ആവശ്യപ്പെട്ടു.

2010-11 കാലഘട്ടത്തിലായിരുന്നു മാനന്തവാടി തവിഞ്ഞാൽ പഞ്ചായത്തിലെ ഏഴാം വാർഡ് ചുങ്കം മൈതാനിമുക്കിൽ അടിയ, പണിയ, കാട്ടുനായ്ക്ക ആദിവാസി വിഭാഗങ്ങളിലെ 60 കുടുംബങ്ങൾക്ക് ഒരേക്കർ ഭൂമി വീതം സർക്കാർ അനുവദിച്ചത്. 20 സെന്റ് വീട് നിർമാണത്തിനും 80 സെന്റ് കൃഷി ആവശ്യത്തിനുമാണ് അനുവദിച്ചത്. മാനന്തവാടിയിലെ തിരുനെല്ലി, തൃശിലേരി, ആനപ്പാറ പ്രദേശങ്ങളിൽ താമസിച്ചിരുന്ന കുടുംബങ്ങൾക്കാണ് ഭൂമി ലഭിച്ചത്. എന്നാൽ കാട് മൂടിക്കിടന്ന പ്രദേശമായതിനാലും ജോലി ഉപേക്ഷിച്ച് ഭൂമിയിൽ നിൽക്കാൻ കഴിയാത്തതിനാലും ഭൂരിഭാഗം കുടുംബങ്ങളും ഇവിടേക്ക് എത്തിയില്ല. പിന്നീട് ഭൂമിയിൽ തിരിച്ചെത്തിയപ്പോഴേക്കും പ്രദേശം പലരും കയ്യേറിയിരുന്നു. കയ്യേറ്റക്കാർ ഭൂമിയിൽ വീട് അടക്കം പല നിർമാണ പ്രവർത്തികളും നടത്തിയിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com