ടീകോമിന് പണം നൽകുന്നത് നിയമോപദേശ പ്രകാരം: സ്മാർട്ട് സിറ്റി വിവാദത്തിൽ വിശദീകരണവുമായി സർക്കാർ; എതിർപ്പുമായി പ്രതിപക്ഷം

യുഎഇയുമായുള്ള നല്ല ബന്ധം തുടരാൻ കൂടിയാണ് ടീ കോമിനെതിരെ ആർബിട്രെഷൻ നടപടിയെടുക്കാത്തതെന്നും വ്യവസായ വകുപ്പ് അറിയിച്ചു
ടീകോമിന് പണം നൽകുന്നത് നിയമോപദേശ പ്രകാരം:  സ്മാർട്ട് സിറ്റി വിവാദത്തിൽ വിശദീകരണവുമായി സർക്കാർ; എതിർപ്പുമായി പ്രതിപക്ഷം
Published on


കൊച്ചി സ്മാർട്ട് സിറ്റി നഷ്ടപരിഹാര വിവാദത്തിൽ വിശദീകരണവുമായി സർക്കാർ. പദ്ധതിയിൽ നിന്ന് ഒഴിവാകാനായി ടീകോമിന് നഷ്ടപരിഹാരം നൽകുന്നത് നിയമോപദേശ പ്രകാരമാണെന്ന് സർക്കാർ വ്യക്തമാക്കി. വിദേശ മലയാളികളടക്കം പുതിയ സംരംഭകർ സ്മാർട്ട് സിറ്റിയിൽ എത്തും. ഇൻഫോ പാർക്കിലും വികസനമെത്തുമെന്ന് സർക്കാർ പറഞ്ഞു. യുഎഇയുമായുള്ള നല്ല ബന്ധം തുടരാൻ കൂടിയാണ് ടീ കോമിനെതിരെ ആർബിട്രെഷൻ നടപടിയെടുക്കാത്തതെന്നും വ്യവസായ വകുപ്പ് അറിയിച്ചു.

കമ്പനിക്കെതിരെ ഒറ്റയടിക്ക് നടപടിയെടുത്താൽ വ്യവസായ സൗഹൃദമല്ല സംസ്ഥാനം എന്ന സന്ദേശം വരും. ഇതുകൂടി പരിഗണിച്ചാണ് തീരുമാനമെന്നും സർക്കാർ വ്യക്തമാക്കി. ഏറ്റെടുക്കുന്ന ഭൂമി ഇൻഫോപാർക്കിന്റെ വിപുലീകരണത്തിനും പുതിയ പങ്കാളികൾക്കും നല്കാൻ ആണ് സർക്കാർ തീരുമാനം. അതേസമയം, ടീകോമിന് നഷ്ട പരിഹാരം നൽകാനുള്ള സർക്കാർ നീക്കത്തിൽ പ്രതിഷേധം തുടരാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

സ്മാർട്ട് സിറ്റി പദ്ധതിക്കായി ടീകോമിന് നല്‍കിയ ഭൂമി തിരിച്ചു പിടിക്കുന്നതുമായി ബന്ധപ്പെട്ട വിശദമായ ചർച്ചകൾ എൽഡിഎഫിൽ പോലും നടന്നിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. കരാർ അവസാനിപ്പിക്കുന്നതിൽ ദുരൂഹതയുണ്ട്. ടീകോം കമ്പനിയിൽ നിന്ന് വീഴ്ച ഉണ്ടായാൽ നഷ്ട പരിഹാരം ഈടാക്കാമെന്ന വ്യവസ്ഥ ഉണ്ടായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ടീകോമിന് എന്തിന്റെ പേരിലാണ് അങ്ങോട്ട് നഷ്ടപരിഹാരം കൊടുക്കേണ്ടത്. ടീകോമിന് ഒരു കാരണവശാലും നഷ്ട പരിഹാരം നൽകരുത്. സ്മാർട്ട്‌ സിറ്റി പദ്ധതിയിൽ സർക്കാരിന്റെ അലംഭാവം ഉണ്ടായിട്ടുണ്ടെന്നും വി.ഡി. സതീശൻ ആരോപിച്ചു. തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിനെ സമീപിക്കും. സർക്കാറിന്റെ ഭാഗത്തു ന്യായമുണ്ടെങ്കിൽ വിശദീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com