വിജയാഹ്ളാദത്തിൽ ആശമാർ; ഓണറേറിയത്തിനുള്ള മാനദണ്ഡങ്ങള്‍ ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവ്

ആശമാരുടെ പ്രശ്നങ്ങൾ പഠിക്കാൻ നിയമിച്ച കമ്മിറ്റിയുടെ നിർദേശപ്രകാരമാണ് ഉത്തരവ്
ആശമാരുടെ സെക്രട്ടേറിയറ്റ് ഉപരോധം
ആശമാരുടെ സെക്രട്ടേറിയറ്റ് ഉപരോധം
Published on

ആശാ പ്രവർത്തകരുടെ പ്രധാന ആവശ്യങ്ങള്‍ അംഗീകരിച്ച് സംസ്ഥാന സർക്കാർ.  ആശാ വർക്കർമാരുടെ ഓണറേറിയത്തിനുള്ള മാനദണ്ഡങ്ങൾ ഒഴിവാക്കിയുള്ള ഉത്തരവ് സർക്കാർ പുറത്തിറക്കി. ‌ഓണറേറിയത്തിനുള്ള 10 മാനദണ്ഡങ്ങൾ ഒഴിവാക്കിയുള്ള ഉത്തരവാണ് ഇറക്കിയിരിക്കുന്നത്. ആശമാരുടെ പ്രശ്നങ്ങൾ പഠിക്കാൻ നിയമിച്ച കമ്മിറ്റിയുടെ നിർദേശപ്രകാരമാണ് ഉത്തരവ്. ആശാ പ്രവർത്തകരിൽ നിന്ന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് കമ്മിറ്റി രൂപീകരിച്ചത്.


കമ്മറ്റിയുടെ റിപ്പോർട്ട് നാഷണൽ ഹെൽത്ത് മിഷന്റെ സ്റ്റേറ്റ് മിഷൻ ഡയറക്ടർ സർക്കാരിന്റെ പരി​ഗണനയ്ക്കായി സമർപ്പിച്ചിരുന്നു. റിപ്പോർട്ട് സർക്കാർ പരിശോധിച്ചെന്നും റിപ്പോർട്ടിലെ ശുപാർശകൾ അം​ഗീകരിച്ചെന്നും സർക്കാർ ഉത്തരവിൽ പറയുന്നു. ഇത് പ്രകാരമാണ് മാനദണ്ഡങ്ങളിൽ ഭേദ​ഗതി വരുത്തിയിരിക്കുന്നത്.

നിലവിൽ 7000 രൂപയാണ് ആശമാർക്ക് ഓണറേറിയമായി സർക്കാർ നിശ്ചയിച്ചിട്ടുള്ളത്. ഇത് ലഭിക്കുന്നതിനുള്ള 10 മാനദണ്ഡങ്ങളിൽ അഞ്ചെണ്ണം പൂർത്തികരിച്ചാലാണ് തുക ലഭിച്ചിരുന്നത്. എന്നാൽ ഇനി മുതൽ ഓണറേറിയം ലഭിക്കുന്നതിന് ഇത്തരം മാനദണ്ഡങ്ങൾ ഉണ്ടാകില്ല. നിശ്ചിത ഇൻസെന്റീവിലും നിലവിലുള്ള മാനദണ്ഡങ്ങളിൽ ഇളവ് വരുത്തിയിട്ടുണ്ട്. ഇൻസെന്റീവ് ഓണറേറിയം വ്യവസ്ഥകൾ പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ടും ആശാ പ്രവർത്തകർ പരാതി സമർപ്പിച്ചിരുന്നു.

രാപ്പകല്‍ സമരം തുടരുന്ന ആശാ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ഇന്ന് സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് ഉപരോധത്തില്‍ 100 കണക്കിന് ആശാ പ്രവര്‍ത്തകരാണ് പങ്കെടുത്തത്. പ്രകടനപത്രികയില്‍ പറഞ്ഞ വാഗ്ദാനം സര്‍ക്കാര്‍ പാലിക്കണമെന്ന് സമരസമിതി നേതാവ് എസ്. മിനി ആവശ്യപ്പെട്ടിരുന്നു. സമരം 36 ആം ദിവസത്തിലേക്ക് കടക്കുമ്പോഴാണ് ആശാ വര്‍ക്കേഴ്‌സ് അസോസിയേഷന്റെ സെക്രട്ടേറിയറ്റ് ഉപരോധം. സമരത്തിന്റെ രണ്ടാംഘട്ടം എന്ന നിലയിലാണ് ഉപരോധം. ഓണറേറിയം വര്‍ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം നല്‍കുക, പെന്‍ഷന്‍ അനുവദിക്കുക എന്നീ ആവശ്യങ്ങളില്‍ സര്‍ക്കാര്‍ മുഖം തിരിഞ്ഞു നില്‍ക്കുന്ന സാഹചര്യത്തിലാണ് അതിശക്തമായ പ്രകടനവുമായി ആശാപ്രവര്‍ത്തകര്‍ തടിച്ചു കൂടിയത്. ഓണറേറിയം, ഇന്‍സെന്‍റീവ് മാനദണ്ഡങ്ങൾ പിൻവലിച്ചുകൊണ്ട് സർക്കാർ ഉത്തരവ് വന്നതും ആശമാർ സമരപന്തലിൽ വിജയാഹ്ളാദം മുഴക്കി. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com