പരിപ്പില്ലാത്ത പരിപ്പുകറി, പാലിന്‍റെ മണം മാത്രമുള്ള പച്ചവെള്ളം; പോഷകം കുറയുന്ന സർക്കാർ സ്കൂളുകളിലെ ഉച്ചഭക്ഷണം

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് പ്രാഥമിക പോഷകാഹാരങ്ങള്‍ ലഭ്യമാക്കുന്ന ഉച്ചഭക്ഷണ പദ്ധതി കഴിഞ്ഞ മുപ്പത് വർഷങ്ങളായി സർക്കാർ സ്കൂളുകളില്‍ നിലനില്‍ക്കുന്നു
പരിപ്പില്ലാത്ത പരിപ്പുകറി, പാലിന്‍റെ മണം മാത്രമുള്ള പച്ചവെള്ളം; പോഷകം കുറയുന്ന  സർക്കാർ സ്കൂളുകളിലെ ഉച്ചഭക്ഷണം
Published on

രാജ്യത്തെ വിലക്കയറ്റം സർക്കാർ സ്കൂളുകളിലെ ഉച്ചഭക്ഷണത്തില്‍ നിന്നും പോഷകാഹാരങ്ങള്‍ നീക്കംചെയ്യാന്‍ കാരണമാകുന്നതായി റോയിട്ടേഴ്സ് റിപ്പോർട്ട്. പ്രധാനമന്ത്രി പോഷണ്‍ അഭിയാന്‍ വഴി കുട്ടികള്‍ക്ക് നല്‍കിവരുന്ന ഉച്ചഭക്ഷണത്തില്‍ നിന്ന് വിലകൂടിയ പച്ചക്കറികളും ധാന്യങ്ങളും എടുത്തുനീക്കുകയാണ് സർക്കാർ സ്കൂളുകള്‍. 2022ന് ശേഷം പദ്ധതി നേരിടുന്ന ബുദ്ധിമുട്ടുകള്‍ കേന്ദ്രസർക്കാർ അഭിസംബോധന ചെയ്യുന്നില്ലെന്ന പരാതിയും സ്കൂളുകള്‍ക്കുണ്ട്.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് പ്രാഥമിക പോഷകാഹാരങ്ങള്‍ ലഭ്യമാക്കുന്ന ഉച്ചഭക്ഷണ പദ്ധതി കഴിഞ്ഞ മുപ്പത് വർഷങ്ങളായി സർക്കാർ സ്കൂളുകളില്‍ നിലനില്‍ക്കുന്നു. എന്നാല്‍, ഭക്ഷ്യവില കുതിച്ചുയരുന്നതിനാല്‍ സർക്കാർ അനുവദിക്കുന്ന ബജറ്റ് ചെലവിന് തികയുന്നില്ല എന്നതാണ് വെട്ടിച്ചുരുക്കലിനു കാരണമായി സർക്കാർ സ്കൂളുകള്‍ പറയുന്നത്.  ഇന്ത്യയിലെ നാല് സംസ്ഥാനങ്ങളിലെ 21 സ്‌കൂളുകളിലെ അധ്യാപകർ, കുട്ടികള്‍, രക്ഷാകർത്താക്കള്‍, ഗവേഷകർ എന്നിവരുമായി റോയിട്ടേഴ്സ് നടത്തിയ സംവാദങ്ങളിലൂടെയാണ് ഇക്കാര്യം വ്യക്തമായത്.

Also Read: ഡ്രോണാക്രമണങ്ങള്‍ ശക്തമാക്കി റഷ്യയും യുക്രെയ്നും: റഷ്യൻ ഇന്ധന സംഭരണ ശാലയ്ക്ക് തീവെച്ചതായി യുക്രെയ്ൻ

2022 ബജറ്റ് പ്രകാരം, പച്ചക്കറികൾ, പഴങ്ങൾ, പയറുവർഗങ്ങൾ, മുട്ട, പാല്‍, എന്നിങ്ങനെ സമീകൃതാഹാരം ലഭ്യമാക്കുന്നതിനായി പ്രെെമറി വിഭാഗത്തിലെ ഒരു കുട്ടിക്ക് കുറഞ്ഞത് 5.45 രൂപയാണ് സർക്കാർ അനുവദിക്കുന്നത്. അപ്പർ പ്രൈമറി വിദ്യാർഥിക്ക് 8.17 രൂപയും.  പദ്ധതി പ്രകാരം ഓരോ പ്രൈമറി സ്കൂൾ വിദ്യാർഥിക്കും 12 ഗ്രാം പ്രോട്ടീനടങ്ങുന്ന 450 കലോറി ഭക്ഷണം ലഭ്യമാക്കണം. യുപി ക്ലാസ് വിദ്യാർഥിക്ക് 20 ഗ്രാം പ്രോട്ടീനടങ്ങുന്ന, 700 കലോറി ഉച്ചഭക്ഷണവും ലഭ്യമാക്കണം. 2020 ജൂണില്‍ നിന്ന് 2024 ജൂണിലേക്കെത്തുമ്പോള്‍ രാജ്യത്തെ ഭക്ഷ്യവിലപ്പെരുപ്പം ശരാശരി 6.3% ആണ്. എന്നാല്‍ സർക്കാർ ഇത് വിലയിരുത്തി ബജറ്റില്‍ കൂടുതല്‍ തുക വകയിരുത്തിയിട്ടില്ല. ഇതോടെ സർക്കാർ സ്കൂളിലെ ഉച്ചയൂണില്‍ പല ചേരുവകളും ഉള്‍പ്പെടുത്താന്‍ സാധിക്കാത്ത അവസ്ഥയിലായി . പരിപ്പില്ലാത്ത പരിപ്പുകറിയും പാലിന്‍റെ മണം മാത്രമുള്ള പച്ചവെള്ളവുമാണ് സ്കൂളുകളില്‍ നിന്ന് ലഭിക്കുന്നതെന്ന് കുട്ടികള്‍ റോയിട്ടേഴ്സ് പ്രതിനിധികളോട് വെളിപ്പെടുത്തി.

Also Read: 'പട്ടിണിക്കിട്ടും യുദ്ധം'; ഒക്ടോബർ ഒന്ന് മുതല്‍ വടക്കന്‍ ഗാസയില്‍ ഭക്ഷണം എത്തുന്നില്ല, തടസമായി ഇസ്രയേല്‍ ആക്രമണം

പ്രധാനമന്ത്രി പോഷണ്‍ അഭിയാന്‍ നടപ്പിലാക്കിവരുന്ന ഒരു ദശലക്ഷം സർക്കാർ, സർക്കാർ-എയ്ഡഡ് മിഡില്‍ സ്‌കൂളുകളിലെ കുട്ടികളുടെ ഭക്ഷണത്തിന്‍റെ പോഷക ഗുണനിലവാരത്തെ ബാധിക്കുന്ന ഗുരുതരമായ വിഷയമാണിത്.  അതായത് 12 വയസ് വരെ പ്രായമുള്ള 120 ദശലക്ഷം കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുന്ന പ്രശ്നം. മാന്ദ്യം മൂലമുണ്ടാകുന്ന സാമ്പത്തിക അസമത്വത്തിന്‍റെ നേർച്ചിത്രം കൂടിയാണ് മൂന്ന് പതിറ്റാണ്ടായി തുടരുന്ന ക്ഷേമപദ്ധതികളോടുള്ള സർക്കാരിന്‍റെ അവഗണനയെന്നും റിപ്പോർട്ട് പറയുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com