
സിനിമാ സെറ്റിലെ ലഹരി ഉപയോഗത്തെപ്പറ്റി വെളിപ്പെടുത്തിയ നടി വിൻസിക്ക് സർക്കാർ പിന്തുണയെന്ന് എക്സൈസ് മന്ത്രി എം.ബി. രാജേഷ്. വിൻസിയുമായി മന്ത്രി ഇന്നലെ സംസാരിച്ചു. അന്വേഷണ നടപടികളോട് സഹകരിക്കുമെന്ന് വിൻസി അറിയിച്ചു. തുറന്ന് പറഞ്ഞതിന് നടിയെ സിനിമാ പ്രവർത്തകർ ഒറ്റപ്പെടുത്തരുതെന്നും എം.ബി. രാജേഷ് പറഞ്ഞു.
സിനിമാ സെറ്റുകളിൽ ഉൾപ്പെടെ പരിശോധന കർശനമാക്കുമെന്നും മന്ത്രി അറിയിച്ചു. ലഹരിക്കെതിരെ ഉരുക്ക് മുഷ്ടി പ്രയോഗിക്കും. ലഹരിക്കെതിരെ യുദ്ധസന്നാഹത്തോടെയുള്ള പോരാട്ടം നടത്തുമെന്നും എല്ലായിടത്തും പരിശോധന ഉണ്ടാകുമെന്നും എം.ബി. രാജേഷ് അറിയിച്ചു. വിൻസി പരാതി ഉന്നയിച്ചതിനു പിന്നാലെ സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തില്‍ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും വ്യക്തമാക്കിയിരുന്നു. പ്രതികരിക്കുകയും നിയമപരമായ പരിഹാരത്തിന് ധൈര്യപൂർവം നിലപാട് സ്വീകരിക്കുകയും ചെയ്ത നടിയുടെ സമീപനം സ്വാഗതാർഹവും അഭിനന്ദനാർഹവുമാണ്. കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടിയുണ്ടാകുമെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.
ലഹരിക്കെതിരായ പരിപാടിയിലെ വിൻസിയുടെ പ്രസ്താവനയോടെയാണ് സിനിമാ സെറ്റുകളിലെ മയക്കുമരുന്ന് ഉപയോഗം വീണ്ടും ചർച്ചയാവുന്നത്. ലഹരി ഉപയോഗിക്കുന്നതായി തനിക്ക് ബോധ്യമുള്ളവര്‍ക്കൊപ്പം അഭിനയിക്കില്ലെന്നായിരുന്നു നടിയുടെ പ്രസ്താവന. ഒപ്പം അഭിനയിക്കുന്ന നടൻ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറി. ഈ ദുരനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം അഭിനയിക്കില്ലെന്ന് പറഞ്ഞതെന്നും നടി ഈ പരിപാടിയില്‍ വ്യക്തമാക്കി. പിന്നീട് ഈ നടന്റെ പേര് വെളിപ്പെടുത്താതെ കൂടുതൽ വിശദാംശങ്ങൾ നടി പങ്കുവച്ചു. തുടർന്ന് ഫിലിം ചേംബറിനും അമ്മയ്ക്കും പരാതിയും നൽകി. ഇതിനു പിന്നാലെയാണ് ഈ നടൻ ഷൈൻ ടോം ചാക്കോ ആണെന്ന വാർത്തകൾ പുറത്തുവന്നത്. നടിയുടെ മൊഴിയെടുക്കാൻ എക്‌സൈസ് സംഘം അനുമതി തേടിയെങ്കിലും സഹകരിക്കാൻ താൽപര്യമില്ലെന്നാണ് കുടുംബം പ്രതികരിച്ചത്. വിൻസിയുടെ അച്ഛനാണ് എക്സൈസ് ഉദ്യോഗസ്ഥരെ ഇക്കാര്യം അറിയിച്ചത്. മറ്റു നിയമനടപടികളിലേക്ക് കടക്കാൻ താൽപര്യമില്ലെന്നാണ് കുടുംബം അറിയിച്ചത്.
അതേസമയം, തനിക്ക് ലഹരി നൽകുന്നത് സിനിമാ അസിസ്റ്റൻസ് ആണെന്നായിരുന്നു ലഹരി ഉപയോഗ കേസില്‍ അറസ്റ്റിലായ ഷൈനിന്‍റെ മൊഴി. അവർക്ക് പണം നൽകും. ലഹരി ഉപയോഗിക്കുന്നത് വ്യക്തപരമായ സന്തോഷത്തിന് വേണ്ടിയാണ്. ആരെയും ലഹരി ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കാറില്ലെന്നും ഷൈന്‍ പൊലീസിനോട് പറഞ്ഞു. മാധ്യമങ്ങൾ തന്നെ വേട്ടയാടുന്നു. തന്റെ സ്വകാര്യതയിലേക്ക് കടന്ന് കയറാൻ ശ്രമിക്കുന്നുവെന്നും നടൻ ആരോപിച്ചു. കോലഞ്ചേരിയിലുള്ള ഡി- അഡിക്ഷൻ സെന്ററിൽ പോകാൻ ഷൈനിനോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ പിതാവുമായി ആലോചിച്ച ശേഷം പറയാമെന്നാണ് ഷൈനിൻ്റെ മറുപടി. ഇന്നലെ അറസ്റ്റിലായ ഷൈനിനെ സ്റ്റേഷന്‍ ജാമ്യത്തില്ലാണ് വിട്ടത്.