86 രാജ്യങ്ങളിലായി ജയിലുകളിലുള്ളത് 10,152 ഇന്ത്യക്കാർ; പാർലമെൻ്റിൽ കണക്കവതരിപ്പിച്ച് കേന്ദ്രസർക്കാർ

2,633ഇന്ത്യക്കാരാണ് സൗദിയിലെ ജയിലുകളിൽ കഴിയുന്നത്
86 രാജ്യങ്ങളിലായി ജയിലുകളിലുള്ളത് 10,152 ഇന്ത്യക്കാർ; പാർലമെൻ്റിൽ കണക്കവതരിപ്പിച്ച് കേന്ദ്രസർക്കാർ
Published on

ലോകത്തെ 86 രാജ്യങ്ങളിലായി ആകെ 10,152 ഇന്ത്യക്കാർ ജയിലുകളിൽ കഴിയുന്നുണ്ടെന്ന് കേന്ദ്രസർക്കാർ. പാർലമെൻ്റിലാണ് സർക്കാർ ഈ കണക്ക് അവതരിപ്പിച്ചത്. സൗദി അറേബ്യയിലാണ് ഏറ്റവും കൂടുതൽ തടവുകാരുള്ളത്. 2,633ഇന്ത്യക്കാരാണ് സൗദിയിലെ ജയിലുകളിൽ കഴിയുന്നത്. തൊട്ടുപിന്നിൽ 2,518 ഇന്ത്യക്കാർ യുണൈറ്റഡ് അറബ് എമിറേറ്റ്സിലും, 1,317പേർ നേപ്പാളിൽ ആണെന്നുമാണ് കണക്കിൽ പറയുന്നത്.

വിദേശ രാജ്യങ്ങളിൽ വിചാരണ നേരിടുന്ന 2,684 ഇന്ത്യക്കാരും ഇതിൽ ഉൾപ്പെടുന്നുവെന്ന് വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗ് രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ പറഞ്ഞു. തൃണമൂൽ കോൺഗ്രസ് (ടിഎംസി) നിയമസഭാംഗം സാകേത് ഗോഖലെയുടെ ചോദ്യത്തിന് വിദേശകാര്യ സഹമന്ത്രി സഭയിൽ മറുപടി പറഞ്ഞു.



ഖത്തർ (611), ക്വായ്റ്റ് (387), മലേഷ്യ (338), യുകെ (288),പാകിസ്ഥാൻ (266), ബഹ്‌റൈൻ (181), ചൈന (173), യുഎസ് (169), ഇറ്റലി (168),ഒമാൻ (148) എന്നിവിടങ്ങളിലും നിരവധി ഇന്ത്യൻ തടവുകാരുണ്ടായിരുന്നു.യുഎഇ (294), ബഹ്‌റൈൻ (144), ഖത്തർ (123), മലേഷ്യ (121) എന്നീ രാജ്യങ്ങളിലാണ് കൂടുതൽ വിചാരണ തടവുകാർ ഉള്ളത്.




54 ഇന്ത്യൻ പൗരന്മാർക്ക് വിദേശ കോടതികൾ വധശിക്ഷ വിധിച്ചിട്ടുണ്ടെന്ന്, ഹാരിസ് ബീരാൻ എംപി ചോദിച്ച ചോദ്യത്തിന് മന്ത്രി മറുപടിയായി സഭയിൽ മറുപടി പറഞ്ഞു. വിദേശ കോടതികളിൽ നിന്ന് വധശിക്ഷ ഉൾപ്പെടെ ശിക്ഷിക്കപ്പെട്ട ഇന്ത്യക്കാർക്ക് സാധ്യമായ എല്ലാ സഹായവും സർക്കാർ നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.ജയിലിൽ കഴിയുന്ന ഇന്ത്യൻ പൗരന്മാർക്ക് അപ്പീൽ സമർപ്പിക്കൽ, ദയാഹർജി എന്നിവയുൾപ്പെടെ വിവിധ നിയമപരമായ സഹായങ്ങൾ ആവശ്യമെങ്കിൽ നൽകുമെന്നും സർക്കാർ അറിയിച്ചു.


നിലവിൽ വിദേശ രാജ്യങ്ങളിൽ ആകെ 307 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് മന്ത്രി സഭയിൽ അറിയിച്ചു. പി. സന്തോഷ് കുമാർ എംപിയുടെ ചോദ്യത്തിന് മറുപടി നൽകി. ഇതിൽ 217 പേർ പാകിസ്ഥാനിലും 58 പേർ ശ്രീലങ്കയിലും, 28 പേർ സൗദി അറേബ്യയിലും, നാല് പേർ ബഹ്‌റൈനിലും ഉൾപ്പെടുന്നു. 2024-ൽ ശ്രീലങ്ക 479 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ വിട്ടയച്ചു. ബംഗ്ലാദേശ് 95 പേരെയും ബഹ്‌റൈൻ 47 പേരെയും ഖത്തർ 29 പേരെയും സൗദി അറേബ്യ 27 പേരെയും വിട്ടയച്ചുവെന്നും മന്ത്രി അറിയിച്ചു. 



ഇന്ത്യൻ മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും സർക്കാർ ഉയർന്ന മുൻഗണന നൽകുന്നു. കൂടാതെ നയതന്ത്ര മാർഗങ്ങൾ, ഔദ്യോഗിക ഇടപെടലുകൾ, സ്ഥാപിതമായ ഉഭയകക്ഷി സംവിധാനങ്ങൾ എന്നിവയിലൂടെ വിദേശ സർക്കാരുകളുമായി ബന്ധപ്പെടുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ നേരത്തെ മോചിപ്പിച്ച് തിരിച്ചയയ്ക്കുന്ന കാര്യം എല്ലാ തലങ്ങളിലും അതത് രാജ്യങ്ങളുമായി നിരന്തരം ചർച്ച ചെയ്യുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com