EXCLUSIVE കരകയറാൻ മണലുണ്ട്! നദികളിലെ മണൽ ഖനനത്തിലൂടെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സർക്കാർ; ലഭ്യമാകുക 10,000 കോടിയിലേറെ രൂപ

സംസ്ഥാനത്തെ പുഴകളില്‍ 464 ലക്ഷം ക്യൂബിക്ക് മീറ്റര്‍ മണലാണുള്ളത്. ഇതില്‍ 30 ശതമാനത്തിലധികം മണലും ഖനനം ചെയ്തെടുക്കാന്‍ കഴിയുന്നതാണെന്നാണ് സാൻഡ് ഓഡിറ്റിംഗ് റിപ്പോർട്ട്
EXCLUSIVE കരകയറാൻ മണലുണ്ട്! നദികളിലെ മണൽ ഖനനത്തിലൂടെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സർക്കാർ; ലഭ്യമാകുക 10,000 കോടിയിലേറെ രൂപ
Published on


കേരളത്തിൻ്റെ കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള മാർഗം തുറക്കാനൊരുങ്ങി സർക്കാർ. നദികളിലെ മണൽ ഖനനത്തിലൂടെ മാത്രം പതിനായിരം കോടിയിലേറെ രൂപ സംസ്ഥാനത്തിന് ലഭ്യമാകുമെന്നാണ് കണക്കുകൾ പറയുന്നത്. സംസ്ഥാനത്തെ പുഴകളില്‍ 464 ലക്ഷം ക്യൂബിക്ക് മീറ്റര്‍ മണലാണുള്ളത്. ഇതില്‍ 30 ശതമാനത്തിലധികം മണലും ഖനനം ചെയ്തെടുക്കാന്‍ കഴിയുന്നതാണെന്നാണ് സാൻഡ് ഓഡിറ്റിംഗ് റിപ്പോർട്ട്. ന്യൂസ് മലയാളമാണ് ഈ എക്സ്ക്ലൂസീവ് വാർത്ത ആദ്യമായി പുറത്തുവിടുന്നത്.

2018 ലെ മഹാപ്രളയത്തിന് ശേഷം സംസ്ഥാനത്തെ പല പുഴകളും നികന്ന അവസ്ഥയിലാണ്. ഇത് വീണ്ടും പ്രളയ സാധ്യത വര്‍ധിപ്പിക്കുമെന്നാണ് സർക്കാരിന് ലഭിച്ച റിപ്പോർട്ട്. ഇതേ തുടര്‍ന്നാണ് നദികളില്‍ സാൻഡ് ഓഡിറ്റിംഗ് നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.

പ്രളയ ബാധിത പ്രദേശങ്ങളിലടക്കം 36 നദികളില്‍ നടത്തിയ ഓഡിറ്റില്‍ 464.87 ലക്ഷം ക്യുബിക്ക് മീറ്റര്‍ മണൽ ഉണ്ടെന്ന് കണ്ടെത്തി. ഇതില്‍ 141.42 ലക്ഷം ക്യുബിക്ക് മീറ്റര്‍ മണലും ഖനനം ചെയ്തെടുക്കാന്‍ കഴിയുന്നതാണ്. മണൽ വാരാൻ തക്ക ലഭ്യത ഉണ്ടെങ്കിലും കൊല്ലം, ഇടുക്കി, കോഴിക്കോട്, കോട്ടയം ജില്ലകളില്‍ വനമേഖലയും പാരിസ്ഥിതിക ദുര്‍ബല പ്രദേശവും കണക്കിലെടുത്ത് മണല്‍ വാരലിന് അനുമതി നല്‍കില്ല. ഇത് ഒഴിവാക്കിയാലും മറ്റ് ഏഴ് ജില്ലകളിലെ 189 സാന്‍ഡ് മൈനിങ് സൈറ്റുകളിലായി 1 കോടി 70 ലക്ഷം മെട്രിക് ടണ്‍ മണല്‍ ഖനനം ചെയ്തെടുക്കാനാകും.

കിലോ കണക്കില്‍ പറയുകയാണെങ്കില്‍ ഏകദേശം 1700 കോടി കിലോ മണലാണ് ഖനനം ചെയ്തെടുക്കാനാവുക. കിലോയ്ക്ക് വിപണി വിലയായി 6 രൂപ കണക്കാക്കിയാല്‍ പോലും ഇത് ഖനനം ചെയ്ത് നൽകുന്നതിലൂടെ പതിനായിരത്തി ഇരുനൂറ്റി പതിനഞ്ച് കോടി രൂപ സംസ്ഥാനത്തിന്റെ ഖജനാവിലേക്ക് എത്തും.

പ്രളയം ഏറ്റവും അധികം ബാധിച്ച ഭാരതപ്പുഴയിലും പെരിയാറിലുമാണ് ഏറ്റവും കൂടുതല്‍ മണലുള്ളത്. ഭാരതപ്പുഴയിലെ 211.19 ലക്ഷം ക്യുബിക്ക് മീറ്റര്‍ മണലില്‍ 99.12 ലക്ഷം ക്യൂബിക്ക് മീറ്റര്‍ മണല്‍ ഖനനം ചെയ്യാന്‍ കഴിയും. പെരിയാറിലെ 225 കിലോമീറ്ററിലായി 75.89 ലക്ഷം ക്യുബിക്ക് മീറ്റര്‍ മണലാണ് ഉള്ളത്. ഇതില്‍ 9.78 ലക്ഷം ക്യുബിക്ക് മീറ്റര്‍ വാരിയെടുക്കാന്‍ കഴിയും.

ചാലിയാര്‍, പമ്പ, മൂവാറ്റുപുഴയാര്‍ എന്നിവയിലും മണൽ ഖനന സാധ്യതയുള്ളതും അനുമതിയും ലഭിക്കുന്നതുമായ മണലുള്ള നദികളാണ്. 16 നദികളിലാണ് മണല്‍ ലഭ്യത തീരെയില്ലാത്തത്. തുടര്‍ച്ചയായി കരകവിഞ്ഞ് ഒഴുകാറുള്ള ചാലക്കുടി, ഗായത്രി പുഴകളടക്കം ഇതില്‍ ഉള്‍പ്പെടും. 44 നദികളില്‍ 30 പ്രധാന നദികളിലും 6 പോഷക നദികളിലുമായാണ് സാന്‍ഡ് ഓഡിറ്റിങ് നടത്തിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com