
സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാൽ. ഭരണപക്ഷ എംഎൽഎ ഉയർത്തിയ ആരോപണങ്ങളില്‍ പ്രതികരിക്കുന്നതിന് പകരം സർക്കാർ യൂത്ത് കോൺഗ്രസ് നേതാക്കളെ ആക്രമിക്കുന്നുവെന്നും വേണുഗോപാല്‍ ആരോപിച്ചു.
നിർഭാഗ്യകരമായ കാര്യങ്ങളാണ് കേരളത്തിൽ നടക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നുവെന്നും വേണുഗോപാല്‍ പറഞ്ഞു. പൊലീസിലെ ആർഎസ്എസ്‌വൽക്കരണം അടക്കമുള്ള ആരോപണങ്ങള്‍ ഉയർന്നു വരുന്നു. സർക്കാർ കണ്ണടച്ച് ഇരുട്ടാക്കുന്നുവെന്നും വേണുഗോപാല്‍ ആരോപിച്ചു.
കെ.സി. വേണുഗോപാലിന്‍റെ നേതൃത്വത്തില്‍ ഇന്ന് പാർലമെന്‍റ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി യോഗം ചേർന്നിരുന്നു. സെബി ചെയർപേഴ്സണെതിരെ അന്വേഷണം നടത്താനാണ് യോഗ തീരുമാനം. എന്നാല്‍, സെബി ചെയർപേഴ്‌സണെ കമ്മിറ്റി വിളിച്ചു വരുത്തുമെന്ന വാർത്തകളെ വേണുഗോപാല്‍ നിഷേധിച്ചു. അത്തരത്തിലൊരു തീരുമാനം യോഗം എടുത്തിട്ടില്ലെന്ന് വേണുഗോപാല്‍ പറഞ്ഞു. എന്‍ഡിഎ, ഇന്ത്യ സഖ്യങ്ങള്‍ പബ്ലിക് അക്കൗണ്ട് കമ്മിറ്റിയുടെ ഭാഗമാണ്. ഓഗസ്റ്റ് 29ന് നടന്ന യോഗത്തിലാണ് സെബി ചെയർപേഴ്സണ്‍ മാധബി ബുച്ചിനെതിരായ അരോപണങ്ങള്‍ കമ്മിറ്റിക്ക് മുന്‍പാകെ വന്നത്. മാധബിക്കെതിരായ ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്നും നടപടി എടുക്കണമെന്നും സമിതിയില്‍ ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു.
2023ല്‍ ഹിന്‍ഡന്‍ബര്‍ഗ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം. അദാനിയുടെ ഷെല്‍ കമ്പനികളില്‍ മാധബിക്ക് ഓഹരിയുണ്ട്. അദാനി ഗ്രൂപ്പിനെതിരെയുള്ള സെബിയുടെ അന്വേഷണം മന്ദഗതിയിലായത് ചെയര്‍പേഴ്‌സണ് ഓഹരിയുണ്ടായതു കൊണ്ടാണെന്നായിരുന്നു ഹിന്‍ഡന്‍ബര്‍ഗിന്‍റെ ആരോപണം. സെബിയില്‍ മാധബി ചുമതല ഏറ്റെടുക്കുന്നതിനു മുന്‍പ് അന്വേഷണങ്ങള്‍ ഒഴിവാക്കാന്‍ നിക്ഷേപങ്ങള്‍ ഭര്‍ത്താവിന്‍റെ പേരിലേക്ക് മാറ്റുവാനായി അപേക്ഷിച്ചിരുന്നുവെന്നും ഹിന്‍ഡന്‍ബര്‍ഗ് പറയുന്നു.