
കേന്ദ്ര സര്‍ക്കാരിന്‍റെ 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' പദ്ധതിയ്ക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയതില്‍ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിഷയത്തില്‍ രാഷ്ട്രീയ അഭിപ്രായം നടത്താന്‍ താന്‍ ആളല്ല. മുഖ്യമന്ത്രിക്ക് ആർഎസ്എസ് അജണ്ടയെ കുറിച്ച് കൂടുതൽ അറിയാമായിരിക്കും, അതായിരിക്കും മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നിലെന്നും ഗവര്‍ണര്‍ പറഞ്ഞു. മുസ്ലീം യുവാക്കൾ തീവ്രവാദ സംഘടനകളിലേക്ക് ആകർഷിക്കപ്പെടുന്നുണ്ടെന്ന പി. ജയരാജന്റെ പ്രതികരണം പ്രാധാന്യത്തോടെ കാണണമെന്നും ഗവര്‍ണര്‍ പറഞ്ഞു.
വയനാട് പുനരധിവാസ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങളോടും ഗവര്‍ണര്‍ പ്രതികരിച്ചു. കേരളത്തിന്‍റെ പക്കല്‍ ആവശ്യത്തിന് പണം ഉണ്ട്. കൃത്യമായ പുനരധിവാസ പാക്കേജിന്റെ കണക്ക് കേരളം ഇതുവരെ കേന്ദ്രത്തിന് നൽകിയിട്ടില്ല. കണക്ക് നൽകിയാൽ കേന്ദ്രം പണം അനുവദിക്കുമെന്ന് തന്റെ സാന്നിധ്യത്തിലാണ് പ്രധാനമന്ത്രി പറഞ്ഞതെന്നും ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി.
ഇന്ത്യയിലെ ഫെഡറൽ വ്യവസ്ഥയെ നിർവീര്യമാക്കി കേന്ദ്ര സർക്കാറിന് സർവാധികാരം നൽകാനുള്ള അജണ്ടയാണ് 'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്ന നിലപാടിനു പിന്നിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചിരുന്നു. ലോകസഭ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്കുശേഷവും പാഠം പഠിക്കാൻ ബിജെപി തയ്യാറല്ല എന്നുവേണം മനസ്സിലാക്കാൻ എന്നും മുഖ്യമന്ത്രി പുറത്തുവിട്ട പത്രക്കുറിപ്പിൽ പറയുന്നു. ഇന്ത്യയിലെ പാർലമെന്ററി ജനാധിപത്യ വ്യവസ്ഥയെയും ഇന്ത്യയെന്ന ആശയത്തെ തന്നെയും അട്ടിമറിക്കാനുള്ള സംഘപരിവാർ നീക്കങ്ങൾക്കെതിരെ രാജ്യത്തെ ജനാധിപത്യ സമൂഹം മുന്നോട്ടു വരേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.