
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വീണ്ടും പ്രതിഷേധം കടുപ്പിച്ച് എസ്എഫ്ഐ. കേരള സർവകലാശാലയിൽ സെമിനാറിൽ പങ്കെടുക്കാനെത്തിയ ഗവർണർക്കെതിരെ സെനറ്റ് ഹാളിനടുത്ത് വരെ എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധവുമായെത്തി. സർവകലാശാലകളെ കാവിവത്ക്കരിക്കാൻ ഗവർണർ ശ്രമിക്കുന്നുവെന്ന ആരോപണമുയർത്തിയാണ് എസ്എഫ്ഐ വീണ്ടും പ്രതിഷേധം തുടങ്ങിയത്. വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിൻ്റെ രാജിയും ആവശ്യപ്പെട്ടായിരുന്നു കേരള സർവകലാശാലയിൽ എസ്എഫ്ഐയുടെ ഇന്നത്തെ പ്രതിഷേധം.
കടുത്ത അതൃപ്തിയുമായി പുറത്തിറങ്ങിയ ഗവർണർ മാധ്യമങ്ങളോട് ക്ഷുഭിതനായാണ് പെരുമാറിയത്. എസ്എഫ്ഐ നേതാക്കളെ അറസ്റ്റ് ചെയ്യാത്തതെന്തായെന്ന് ഗവർണർ ചോദ്യം ഉന്നയിച്ചു. സെനറ്റ് ഹാളിലെ സെമിനാർ ഗവർണർ ഉദ്ഘാടനം ചെയ്യുമ്പോഴും പുറത്ത് വലിയ പ്രതിഷേധമാണ് അരങ്ങേറിയത്. പ്രവർത്തകർക്ക് നേരെ പൊലീസ് പലവട്ടം ജലപീരങ്കി പ്രയോഗിച്ചു. ഗവർണർക്കെതിരായ പ്രതിഷേധത്തിൻ്റെ ഭാഗമായി ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ ഇന്ന് സർവകലാശാലയിലെ പരിപാടി ബഹിഷ്കരിച്ചു.