യുജിസിയുടെ പുതിയ മാര്‍ഗ നിര്‍ദേശം കരട് രൂപമാണ്; പ്രമേയം പാസാക്കാന്‍ കേരളത്തിന് സ്വാതന്ത്ര്യമുണ്ട്: ഗവര്‍ണര്‍

ജനാധിപത്യ രാജ്യത്ത് എല്ലാവര്‍ക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും നിയമസഭ പാസാക്കിയ പ്രമേയത്തെ അങ്ങനെയാണ് കാണുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു.
യുജിസിയുടെ പുതിയ മാര്‍ഗ നിര്‍ദേശം കരട് രൂപമാണ്; പ്രമേയം പാസാക്കാന്‍ കേരളത്തിന് സ്വാതന്ത്ര്യമുണ്ട്: ഗവര്‍ണര്‍
Published on


യുജിസിയുടെ പുതിയ മാര്‍ഗ നിര്‍ദേശം കരട് മാത്രമാണെന്ന് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേകര്‍. അത് അന്തിമ രൂപത്തില്‍ ആയിട്ടില്ലെന്നും ഗവര്‍ണര്‍ പ്രതികരിച്ചു. യുജിസി പുറത്തിറക്കിയ 2025ലെ കരട് മാര്‍ഗനിര്‍ദേശം കേന്ദ്രം പിന്‍വലിക്കണമെന്ന് കേരള നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിനാണ് ഗവര്‍ണറുടെ പ്രതികരണം.

ജനാധിപത്യ രാജ്യത്ത് എല്ലാവര്‍ക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും നിയമസഭ പാസാക്കിയ പ്രമേയത്തെ അങ്ങനെയാണ് കാണുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു.

'യുജിസിയുടെ പുതിയ മാര്‍ഗനിര്‍ദേശം കരട് രൂപം മാത്രമാണ്. അത് അന്തിമ രൂപത്തില്‍ ആയിട്ടില്ല. ജനാധിപത്യ രാജ്യത്ത് എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. അതില്‍ തെറ്റു പറയാന്‍ പറ്റില്ല. സര്‍വകലാശാലകളില്‍ വിസിമാര്‍ ഇല്ലാത്ത സാഹചര്യം ഉണ്ടെങ്കില്‍ അത് പരിശോധിക്കും,' ഗവര്‍ണര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് യുജിസിയുടെ പുതിയ മാര്‍ഗ നിര്‍ദേശത്തിനെതിരെ കേരള നിയമസഭയില്‍ പ്രമേയം പാസാക്കിയത്. ഭരണഘടനയുടെ അന്തഃസത്ത ഉൾക്കൊള്ളാത്തതും വൈസ് ചാന്‍സലര്‍ നിയമനത്തിലടക്കം സംസ്ഥാന സര്‍ക്കാരുകളുടെ അഭിപ്രായങ്ങളെ പൂര്‍ണമായും ഒഴിവാക്കുന്നതുമായി കരട് യുജിസി മാനദണ്ഡങ്ങള്‍ ഫെഡറല്‍ സംവിധാനത്തിനും ജനാധിപത്യത്തിനും നിരക്കാത്തതാണ് എന്ന് കേരളം പാസാക്കിയ പ്രമേയത്തില്‍ പറയുന്നു.

സര്‍വകലാശാലകളില്‍ അക്കാദമിക് വിദഗ്ധരെ വേണമെങ്കില്‍ മാറ്റി നിര്‍ത്തി സ്വകാര്യ മേഖലയില്‍ നിന്നു പോലും വ്യക്തികളെ വൈസ് ചൈന്‍സലര്‍മാരാക്കാമെന്ന സമീപനം ഉന്നത വിദ്യാഭ്യാസ രംഗത്തെ കച്ചവടവത്കരിക്കാനുള്ള നീക്കമാണ്. ഇത് തീര്‍ത്തും പ്രതിഷേധാര്‍ഹമാണ്. ഉന്നത വിദ്യാഭ്യാസ രംഗത്തെ ജനാധിപത്യ മൂല്യങ്ങള്‍ തകര്‍ക്കാനും ഈ മേഖലയെ മതവര്‍ഗീയ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നവരുടെ പിടിയിലൊതുക്കാനുമുള്ള നീക്കങ്ങളുടെ ഭാഗമായി മാത്രമേ കരട് യുജിസി മാനദണ്ഡങ്ങളെ കാണാന്‍ കഴിയൂ എന്നും പ്രമേയത്തിൽ പറയുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com