
ഡ്രൈവിങ് ലൈസൻസ് ഡിജിറ്റൽ ആക്കാനുള്ള നടപടികൾ വേഗത്തിലാക്കാൻ സർക്കാർ നിർദേശം. പൂർണ ഡിജിറ്റൽവൽക്കരണത്തിന് പ്രൊപോസൽ നൽകാൻ മന്ത്രി കെ. ബി. ഗണേഷ് കുമാർ ഗതാഗത കമ്മീഷണർക്ക് നിർദേശം നൽകിയിട്ടുണ്ട്. നിലവിൽ ലൈസൻസ് അച്ചടിക്കുന്ന കരാർ കമ്പനിയെ ഒഴിവാക്കാനാണ് തീരുമാനം.
ഡ്രൈവിങ് ലൈസൻസ്, ആർ. സി ബുക്ക് അച്ചടിയിലെ പ്രതിസന്ധി ഗതാഗത വകുപ്പിന് കീറാമുട്ടിയായ സാഹചര്യത്തിലാണ് ഡിജിറ്റലൈസ് നടപടികൾ വേഗത്തിലാക്കാൻ നിർദേശം നൽകിയത്. രേഖകൾ ഡിജിറ്റലാക്കുമെന്ന പ്രഖ്യാപനം നേരത്തെ നടത്തിയെങ്കിലും നടപടികൾ ഒന്നുമായില്ല. നടപടി വേഗത്തിലാക്കാൻ കഴിഞ്ഞ ദിവസം ഗതാഗത മന്ത്രി കെ. ബി. ഗണേഷ് കുമാർ പുതുതായി ചുമതലയേറ്റ ഗതാഗത കമ്മീഷണർ സി. എച്ച്. നാഗരാജുവിന് നിർദേശം നൽകി.
എത്രയും വേഗം പ്രൊപ്പോസൽ തയ്യാറാക്കി നൽകാനാണ് നിർദേശം. ഡിജിറ്റലാകുന്നതോടുകൂടി നിലവിലെ കാലതാമസം പൂർണമായി ഒഴിവാകും. ഡ്രൈവിങ് ടെസ്റ്റ് പാസായാലുടൻ ലൈസൻസ് മൊബൈൽ ഫോണിൽ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാൻ കഴിയും. ക്യു ആർ കോഡ് സംവിധാനമുള്ളതിനാൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് വെരിഫിക്കേഷനും എളുപ്പമാകും. ഇനി ലൈൻസ് നഷ്ടപ്പെട്ടാൽ യൂസർ നെയിമും പാസ് വേർഡും നൽകി ഡിജി ലോക്കറിൽ നിന്നും ലൈസൻസ് ഡൗൺലോഡ് ചെയ്യുകയേ വേണ്ടൂ. നിലവിലെ കാർഡ് പൂർണമായി ഒഴിവാക്കും.
നിലവിൽ കാർഡുകൾ അച്ചടിക്കുന്നതിൽ കാലതാമസം നേരിടുന്നത് ജൂലൈ മാസത്തോടെ സാധാരണ നിലയിലാകുമെന്നായിരുന്നു കരാർ കമ്പനിയുടെ ഉറപ്പ്. ഇതിനായി 9 കോടി രൂപ സർക്കാർ അനുവദിച്ചു. എന്നാൽ മൂന്ന് മാസം പിന്നിട്ടിട്ടും പരിഹാരമില്ലെന്ന് മാത്രമല്ല പ്രതിസന്ധി കടുത്ത നിലയിലേക്കെത്തുകയും ചെയ്തു. ഈ സാഹചര്യത്തിൽ കമ്പനിയെ കരാരിൽ നിന്നും ഒഴിവാക്കാനാണ് ഗതാഗത വകുപ്പിൻ്റെ തീരുമാനം. ലൈസൻസുകൾ ഡിജിറ്റൽ ആക്കിയതിനു ശേഷം ആർസി ബുക്കും പൂർണ്ണമായി ഡിജിറ്റലൈസ് ചെയ്യും. നടപടി പ്രാവർത്തികമായാൽ അസ്സം, ആന്ധ്ര സംസ്ഥാനങ്ങൾക്കു പിന്നാലെ ഡ്രൈവിങ്ങ് ലൈസൻസ് ഡിജിറ്റലാക്കുന്ന സംസ്ഥാനമായി കേരളം മാറും.