
സംസ്ഥാനത്തെ പൈതൃക അവശേഷിപ്പുകളെ വീണ്ടെടുക്കാനുള്ള പദ്ധതിയുമായി സംസ്ഥാന സർക്കാർ. മുസിരിസ് ഹെറിറ്റേജ് പ്രൊജക്ടിൻ്റെ ഭാഗമായി പുതുക്കി പണിത വിവിധ സ്‌മാരകങ്ങള്‍ ഉദ്ഘാടനം ചെയ്യവെയാണ് മന്ത്രി പി.എ മുഹമ്മദ് റിയാസിൻ്റെ ഉറപ്പ്.
പാലിയം ഊട്ടുപുര, കൊക്കർണി എന്നിവയുടെയും ചേന്ദമംഗലം ഹോളിക്രോസ് പള്ളി ഉൾപ്പെടെ വിവിധ ആരാധനാലയങ്ങളുടെയും അടിസ്ഥാന സൗകര്യവികസനങ്ങൾ എന്നിവയുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. സംസ്ഥാനത്ത് അങ്ങോളമിങ്ങോളമുള്ള പൈതൃക അവശേഷിപ്പുകളെ വീണ്ടെടുക്കാനുള്ള പദ്ധതി കാര്യക്ഷമമായും ജനങ്ങൾക്ക് ഉപയോഗ പ്രദവുമായ വിധത്തിൽ നടപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി ഉറപ്പു നൽകി. മുസിരിസിൽ ഒരുങ്ങുന്ന വിവിധ സ്മാരക മ്യൂസിയങ്ങളിലൂടെ സഞ്ചരിച്ച് പാലിയം സമരഭൂമി വരെ എത്തിച്ചേരുന്ന സഞ്ചാരിക്ക് 3000 വർഷങ്ങളുടെ കേരളചരിത്രം പകർന്ന് നൽകാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു. കൊടുങ്ങല്ലൂർ മുതൽ പറവൂർ വരെയുള്ള പ്രദേശങ്ങളിലെ വിവിധ പൈതൃക സ്‌മാരകങ്ങൾ സംരക്ഷിക്കുന്നതിൻ്റെ ഭാഗമായി കേരള വിനോദ സഞ്ചാരവകുപ്പിന് കീഴിൽ 2007 മുതൽ നടപ്പിലാക്കുന്ന മുസിരിസ് പദ്ധതിയുടെ തുടർച്ചയാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്.