സർക്കാർ നടത്തുന്നത് തൊലിപ്പുറത്തെ ചികിത്സ, മുഖ്യമന്ത്രി സിപിഐയെ കളിയാക്കുന്നു: കെ.സി. വേണുഗോപാൽ

ഡിജിപിയുടെ റിപ്പോർട്ട് എന്താണെന്ന് ജനങ്ങൾക്ക് അറിയില്ല
സർക്കാർ നടത്തുന്നത് തൊലിപ്പുറത്തെ ചികിത്സ, മുഖ്യമന്ത്രി സിപിഐയെ കളിയാക്കുന്നു: കെ.സി. വേണുഗോപാൽ
Published on

എഡിജിപിയുടെ ചുമതലമാറ്റത്തിൽ സർക്കാർ നടത്തുന്നത് തൊലിപ്പുറത്തെ ചികിത്സയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. മുഖ്യമന്ത്രിയുടെ നടപടി സിപിഐയെ കളിയാക്കുന്നതിന് തുല്യമാണ്. ഡിജിപിയുടെ റിപ്പോർട്ട് എന്താണെന്ന് ജനങ്ങൾക്ക് അറിയില്ല. എന്തിനാണ് മാറ്റം എന്ന് ഉത്തരവിൽ ഇല്ല. ചുമതലയിൽ നിന്ന് മാറ്റി എന്ന് മാത്രം. നടന്നത് ഗൗരവമായ കുറ്റമല്ലേയെന്നും കെ.സി വേണുഗോപാൽ ചോദിച്ചു.

പ്രതിപക്ഷ നേതാവിൻ്റെ മൈക്ക് മാത്രമല്ല, മാധ്യമങ്ങളുടെ മൈക്കും കട്ടാക്കുന്നില്ലേ? അസഹിഷ്ണുതയുടെ പര്യായമാണ് സർക്കാർ. സ്പീക്കറും അങ്ങനെ ആകരുത്. നിലവാരമില്ലാത്ത മുഖ്യമന്ത്രി ഇത്തരം ആക്ഷേപങ്ങൾ ഉന്നയിക്കുന്നു. സ്വന്തം നിലവാരമാണ് മുഖ്യമന്ത്രി കാണിക്കുന്നത്. സർക്കാരിനെക്കാൾ അസഹിഷ്ണുതയാണ് സ്പീക്കർക്ക്. ഗുരുതരമായ സംഭവങ്ങൾ ഉണ്ടായിട്ട് ആത്മാർത്ഥമായ നടപടി ആണോ ഉണ്ടായതെന്നും കെ.സി വേണുഗോപാൽ ചോദിച്ചു.

സ്പീക്കറുടെ ഭാഗത്ത് നിന്നും സർക്കാരിന്റെ ഭാഗത്തും നിന്നും ദൗർഭാഗ്യകരമായ കാര്യമാണ് സഭയിൽ ഉണ്ടായതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഉന്നയിച്ചിരുന്നു. നിയമസഭയിൽ പ്രതിപക്ഷത്തിന്റെ അവകാശങ്ങളുടെ ഭാഗമായാണ് ചോദ്യങ്ങൾ ചോദിച്ചത്. ചോദ്യോത്തരവേള ബഹിഷ്‌കരിച്ച് പ്രതിപക്ഷം വാക്കൗട്ട് നടത്തിയതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

നിയമസഭാ സമ്മേളനത്തിലെ പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടെ സഭയിൽ ഒരുപാട് പ്രതിപക്ഷ നേതാക്കളുണ്ടോയെന്ന് സ്പീക്കർ ചോദിച്ചത് പ്രതിപക്ഷത്തെ ചൊടിപ്പിച്ചിരുന്നു. സ്പീക്കറുടെ കസേരയിലിരുന്ന് ആരാണ് പ്രതിപക്ഷ നേതാവെന്ന് ചോദിച്ചത് അപക്വതയാണെന്ന് വി.ഡി. സതീശൻ വിമർശിച്ചു. സ്പീക്കർ പദവിക്ക് അപമാനകരമായ ചോദ്യമാണിതെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു. തുടർന്ന് ചോദ്യോത്തരവേള ബഹിഷ്കരിച്ച് പ്രതിപക്ഷം വാക്കൗട്ട് നടത്തുകയായിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com