
മഴക്കാല പൂർവ്വ ശുചീകരണം നടത്തുന്നതിൽ സർക്കാരിന് പിഴവ് പറ്റിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സംസ്ഥാനത്ത് വ്യാപകമായി പകർച്ചവ്യാധികൾ പടർന്നു പിടിക്കുന്നുണ്ടെന്നും, സർക്കാരും, തദ്ദേശ വകുപ്പും നോക്കുകുത്തിയായി നിൽക്കുകയാണെന്നും വി.ഡി. സതീശൻ പറഞ്ഞു. "ആരോഗ്യമന്ത്രിക്ക് ഇതൊന്നും ശ്രദ്ധിക്കാൻ നേരമില്ല. കാപ്പാ കേസ് പ്രതിയെ സ്വീകരിക്കുന്ന തിരക്കിലാണ്. ആരോഗ്യമന്ത്രി വീണാ ജോർജ് രാജിവെക്കണം," പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
പിഎസ്‌സി കോഴ വിഷയത്തിൽ മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും പറയുന്നത് പച്ചക്കള്ളമെന്നും, സിപിഎമ്മിലെ വമ്പന്മാർ ഇതിനു പിന്നിലുണ്ടെന്നും വി.ഡി. സതീശൻ ആരോപിച്ചു. പാർട്ടിയാണോ പൊലീസും കോടതിയുമെന്ന് ചോദിച്ച പ്രതിപക്ഷ നേതാവ്, സിപിഎമ്മിൻ്റെ തനിനിറം ജനങ്ങളിലേക്ക് എത്തിക്കുമെന്നും പറഞ്ഞു.
തിരുവനന്തപുരത്ത് ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാനിറങ്ങിയ ശുചീകരണ തൊഴിലാളി മാരായിമുട്ടം സ്വദേശി ജോയിയെ കാണാതായ സംഭവത്തിൽ രക്ഷാപ്രവർത്തനങ്ങൾ വിജയകരമാകാൻ പ്രാർത്ഥിക്കണമെന്നും വി.ഡി. സതീശൻ പറഞ്ഞു.