
കോടതികളിൽ കേസ് ഫയൽ ചെയ്യാനുള്ള ഫീസ് വർധിപ്പിച്ച സർക്കാർ നടപടിക്കെതിരെ പ്രതിഷേധം ശക്തം. അഭിഭാഷകർ കറുത്ത ബാഡ്ജ് ധരിച്ച് കോടതിയിൽ ഹാജരാകുമെന്ന് കേരള ബാർ കൗൺസിൽ ആഹ്വാനം ചെയ്തു. കുടുംബ കോടതിയിലെത്തുന്ന സ്ത്രീകൾക്കാണ് ഫീസ് വർധനവ് വലിയ തിരിച്ചടിയാകുന്നത്.
കുടുംബ കോടതി കേസുകളും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള കേസുകളും ഫയൽ ചെയ്യുന്നതിനുള്ള ഫീസാണ് സർക്കാർ കുത്തനെ വർധിപ്പിച്ചത്. വിവാഹ സമയത്ത് ലഭിച്ച സ്വത്ത് തിരിച്ച് ലഭിക്കാനായി വിവാഹ മോചന ശേഷം കുടുംബ കോടതിയിലെത്തുന്ന സ്ത്രീകളെയാണ് ഈ ഫീസ് വർധനവ് ഏറ്റവുമധികം ബാധിക്കുക.
ജസ്റ്റിസ് വി.കെ മോഹനൻ കമ്മിറ്റിയുടെ ഇടക്കാല റിപ്പോർട്ട് പ്രകാരമുള്ള ഫീസ് വർധനവ് കക്ഷികൾക്കും അഭിഭാഷകർക്കും ഒരു പോലെ ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. ഈ മാസം 11ന് കോടതികളിൽ കറുത്ത ബാഡ്ഡ് ധരിച്ച് ഹാജരാകാനാണ് ബാർ കൗൺസിൽ വിവിധ അഭിഭാഷക സംഘടനകൾക്ക് നിർദേശം നൽകിയിട്ടുള്ളത്.