കൈക്കൂലി വാങ്ങുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നടുവൊടിക്കണം: സുരേഷ് ഗോപി

കൈക്കൂലി വാങ്ങാതെ ജനങ്ങള്‍ക്ക് സേവനം നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് താനും മന്ത്രി ബിന്ദുവും അടക്കമുള്ള ജനപ്രതിനിധികള്‍ ജാഗ്രത പുലര്‍ത്തുന്നതെന്നും സുരേഷ് ഗോപി സമ്മേളനത്തിൽ കൂട്ടിച്ചേ‍ർത്തു
കൈക്കൂലി വാങ്ങുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നടുവൊടിക്കണം: സുരേഷ് ഗോപി
Published on
Updated on

കൈക്കൂലിക്കാരുടെ നടുവൊടിക്കേണ്ടിവരുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കൈക്കൂലി വാങ്ങുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നടുവൊടിച്ചു വിടേണ്ടിവരുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. കേരള ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനിടെ ആയിരുന്നു സുരേഷ് ​ഗോപിയുടെ പരാമർശം.

ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം നല്‍കുന്നത് ജനങ്ങള്‍ക്ക് സേവനം നല്‍കാനാണ്. കൈക്കൂലി വാങ്ങാതെ ജനങ്ങള്‍ക്ക് സേവനം നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് താനും മന്ത്രി ബിന്ദുവും അടക്കമുള്ള ജനപ്രതിനിധികള്‍ ജാഗ്രത പുലര്‍ത്തുന്നതെന്നും സുരേഷ് ഗോപി സമ്മേളനത്തിൽ കൂട്ടിച്ചേ‍ർത്തു. വളരെ ദു‍ഘടം പിടിച്ച മേഖലയാണ് ഇന്നിവിടെ സമ്മേളിച്ചിരിക്കുന്നതെന്നും സുരേഷ് ​ഗോപി സമ്മേളനത്തിൽ പറഞ്ഞു. ‌കേരള ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിൽ മന്ത്രി ആ‍ർ. ബിന്ദു, കേരള ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ബാലകൃഷ്ണ പൊതുവാൾ തുടങ്ങിയവരും പങ്കെടുത്തു.

അതേസമയം കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഉള്‍പ്പെട്ട ഒരു റീല്‍ വീഡിയോ വൈറല്‍ ആവുകയാണ്. ഒരു റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വന്ദേഭാരത് ട്രെയിനിലെ വിന്‍ഡോ സീറ്റില്‍ ഇരിക്കുകയാണ് സുരേഷ് ഗോപി. ഈ സമയം പുറത്ത് നില്‍ക്കുന്ന ഒരു കൂട്ടം പെണ്‍കുട്ടികള്‍ എടുത്തിരിക്കുന്നതാണ് വൈറല്‍ റീല്‍. ഡ്രീംസ് സിനിമയിലെ മണിമുറ്റത്താവണി പന്തൽ എന്ന ​ഗാനത്തിനാണ് കുട്ടികൾ ചുവട് വെച്ചത്. ക്യാമറ പാൻ ചെയ്യുമ്പോൾ ട്രെയിനിലിരിക്കുന്ന സുരേഷ് ഗോപിയെയും വീഡിയോയിൽ കാണാം.

എന്നാൽ വീഡിയോ ഷൂട്ട് ചെയ്തത് കാണാത്ത സുരേഷ് ഗോപി, വൈറലായതോടെ വീഡിയോയ്ക്ക് താഴെ കമൻ്റ് ചെയ്തു. 'ഇതൊക്കെ എപ്പോൾ' എന്നായിരുന്നു സുരേഷ് ഗോപിയുടെ കമൻ്റ്. ഇതിനകം തന്നെ വലിയ തോതിൽ വ്യൂസും ലൈക്കും കമൻ്റും വീഡിയോക്ക് ലഭിച്ചിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com