
മെട്രോ നിർമ്മാണത്തിനിടെ കണ്ടെത്തിയ പുരാതന നഗരത്തെ അതേ മെട്രോയുടെ ഭാഗമാക്കിയിരിക്കുകയാണ് ഗ്രീസ്. ചരിത്രത്തെ ആധുനികതയോട് ലയിപ്പിച്ച ഈ മെട്രോ ട്രെയിന്‍ ചെന്നെത്തുന്നത് ഒരു ഭൂഗർഭ മ്യൂസിയത്തിലേക്കാണ്. 2006 ല്‍ ആരംഭിച്ച തെസ്സലോനിക്കി മെട്രോ പദ്ധതി മുന്നില്‍ കാണാതിരുന്ന തിരിച്ചടിയായിരുന്നു അത്.
മെട്രോ സ്റ്റേഷൻ നിർമ്മാണത്തിനായി കുഴിയെടുത്ത തൊഴിലാളികള്‍ കണ്ടത് അതിപുരാതന നഗരാവശിഷ്ടങ്ങള്‍. ഒരു റോമന്‍ സെമിത്തേരിയും ബൈസൻ്റൈൻ കാലഘട്ടത്തിലേതെന്ന് കരുതപ്പെടുന്ന മാർക്കറ്റിന്‍റെ അവശിഷ്ടങ്ങളും ഉള്‍പ്പെട്ട ഈ കണ്ടെത്തല്‍ മെട്രോ പദ്ധതിയുടെ പ്ലാൻ തെറ്റിച്ചു. ഇതോടെ ഗ്രീക്കു നഗരത്തിന്‍റെ സമ്പന്ന ഭൂതകാലത്തെ സംരക്ഷിച്ച്, നവീകരണം എങ്ങനെ നടപ്പിലാക്കാമെന്നായി ചർച്ചകള്‍.
യാത്രക്കാർക്ക് ആസ്വദിക്കാവുന്ന വിധത്തില്‍ ചരിത്രാവശിഷ്ടങ്ങളെ പ്രദർശനത്തിനുവെച്ച്, ഭൂതകാലത്തെ ആധുനിക ലോകത്തോട് ലയിപ്പിക്കാൻ ഒടുവിൽ തീരുമാനമായി. അങ്ങനെ, 18 വർഷം എന്ന നീണ്ട കാലയളവിനുശേഷം തെസ്സലോനിക്കി മെട്രോ ശനിയാഴ്ച പ്രവർത്തനം ആരംഭിച്ചു. പുരാവസ്തുക്കള്‍ക്ക് കേടുപാടുകളുണ്ടാകാതിരിക്കാന്‍ പ്ലാൻ ചെയ്തതിലും 102 അടി ആഴത്തിൽ ഭൂഗർഭ മെട്രോ നിർമ്മിച്ചു.
പുരാതന അവശിഷ്ടങ്ങളെ അതേയിടങ്ങളില്‍ നിലനിർത്തിക്കൊണ്ടാണ് സ്റ്റേഷന്‍റെ നിർമ്മാണം. വെനിസെലെയിലെ ഭൂഗർഭ മ്യൂസിയത്തിലേക്ക് നയിക്കുന്ന മെട്രോ ട്രെയിന്‍, നഗരത്തിന്‍റെ വിനോദസഞ്ചാരത്തിന് പുതിയ സാധ്യതകളാണ് തുറന്നുകൊടുത്തത്. ഗ്രീസില്‍ ഏഥന്‍സ് കഴിഞ്ഞാലുള്ള രണ്ടാമത്തെ മെട്രോ ചെയിനാണ് തെസ്സലോനിക്കിയിലേത്.